ബാങ്കോക്ക്: തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ ബാറിലുണ്ടായ തീപിടിത്തത്തിൽ 27 പേർ മരിച്ചു. 22 പേർ അതീവ ഗുരുതരാവസ്ഥയിലാണെന്നും അധികൃതർ അറിയിച്ചു.
സംഭവസ്ഥലം സന്ദർശിച്ച തായ്‌ലൻഡ് പ്രധാനമന്ത്രി, 27 മൃതദേഹങ്ങൾ കണ്ടെടുത്തതായും മറ്റുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബാങ്കോക്ക് മെട്രോപൊളിറ്റൻ അഡ്മിനിസ്‌ട്രേഷൻ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, സംഭവത്തിൽ ആകെ 63 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ്. ഇതിൽ 22 പേരാണ് അതീവ ഗുരുതരാവസ്ഥയിലുള്ളത്.
'തീ വളരെ വേഗത്തിൽ പടർന്നു, സീലിംഗ് വരെയെത്തി. മരണത്തിന് പ്രധാന കാരണം പുകയായിരിക്കാം' ബാങ്കോക്ക് ഗവർണർ ചാഡ്ചർട്ട് സിറ്റിപന്ത് തായ് പറഞ്ഞു.
ഇരകളുടെ മൃതദേഹങ്ങളിൽ ഭൂരിഭാഗവും പിൻഭാഗത്തെ ടോയ്ലറ്റിൽ നിന്നാണ് കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തീ പിടിത്തത്തെ തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ചവരാകാം ഇതെന്നാണ് നിഗമനം.


