ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെ നീങ്ങിയ പനാമ പതാകയേന്തിയ ‘കികു’ എന്ന എണ്ണക്കപ്പലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന് മറുപടിയായി ഇറാനിലെ പത്ത് സൈനിക കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി അമേരിക്ക. മേഖലയിൽ നിലനിന്നിരുന്ന വെടിനിർത്തൽ കരാർ ലംഘിച്ച് ഇറാൻ നടത്തിയ ആക്രമണത്തിന് തുടർച്ചയായ രണ്ടാം ദിവസമാണ് അമേരിക്കൻ സൈന്യം തിരിച്ചടി നൽകുന്നത്. ശനിയാഴ്ചയും മേഖലയിൽ സംഘർഷമുണ്ടായിരുന്നു.
ഇറാൻ്റെ നിരീക്ഷണ സംവിധാനങ്ങൾ, കമ്മ്യൂണിക്കേഷൻ കേന്ദ്രങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, ഡ്രോൺ ശേഖരണ കേന്ദ്രങ്ങൾ, മൈൻ ലെയർ സൗകര്യങ്ങൾ എന്നിവയുൾപ്പെടെയുള്ള തന്ത്രപ്രധാനമായ പത്ത് കേന്ദ്രങ്ങളെയാണ് അമേരിക്കൻ നാവിക-വ്യോമസേനകൾ ലക്ഷ്യം വെച്ചതെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് അറിയിച്ചു. ഈ ആക്രമണത്തിന്റെ 38 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ദൃശ്യങ്ങൾ അമേരിക്കൻ സൈന്യം എക്‌സിൽ പങ്കുവെച്ചിരുന്നു.
ഹോർമുസിൽ ആക്രമണം തുടരുന്ന ഇറാൻ ഒരിക്കലും പഠിക്കില്ലെന്നും യുക്തിസഹമായി പെരുമാറുന്നതിന് ഒരു പരിധിയുണ്ടെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ കുറിച്ചു. വീണ്ടും സൈനിക നടപടിയിലേക്ക് നീങ്ങാൻ അമേരിക്ക നിർബന്ധിതരായാൽ ഇറാൻ എന്ന രാജ്യംതന്നെ ഉണ്ടാകില്ലെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാനെതിരെ തുടങ്ങിയ സൈനിക നടപടി പൂർത്തിയാക്കാൻ അമേരിക്ക മടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയുടെ നടപടികൾക്ക് മറുപടിയായി വരുംദിവസങ്ങളിൽ മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ‘നരക’മാക്കി മാറ്റുമെന്ന് ഇറാൻ തിരിച്ചടിച്ചു. തങ്ങളുടെ താവളങ്ങൾ ആക്രമിക്കപ്പെട്ടാൽ മറുപടി നൽകുമെന്ന് ഇറാനിലെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ്സ് വക്താക്കൾ അറിയിച്ചു.
നിലവിൽ മേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. മിസൈലുകളെയും ഡ്രോണുകളെയും നേരിടാൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ സജ്ജമാണെന്നും താമസക്കാർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും മേഖലയിലെ വിവിധ സൈനിക വിഭാഗങ്ങൾ നിർദേശം നൽകിയിട്ടുണ്ട്. ഇറാനുമായുള്ള സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയുണ്ടായ യുഎസ് ആക്രമണം നിലവിലെ സമാധാന ചർച്ചകൾക്ക് തിരിച്ചടിയാകും.
English SummaryThe United States military launched precision airstrikes targeting ten Iranian military installations in response to a drone attack on the Panama-flagged oil tanker ‘Kiku’ in the Strait of Hormuz. This marks the second consecutive day of retaliatory action by US forces following a military conflict on Saturday. US officials stated that Iran’s drone strike violated the existing regional ceasefire agreement, forcing a strong military response to ensure maritime safety.


