കൊച്ചി:എൺപതുകളിൽ നിരവധി നായിക നടിമാരെ സിനിമാ മലയാള സിനിമാ ലോകത്തിന് ലഭിച്ചിട്ടുണ്ട്. ശോഭന, രേവതി, സുഹാസിനി, ഉർവശി, അമല തുടങ്ങിയ നടിമാർ മികച്ച സിനിമകളുമായി പ്രേക്ഷകർക്ക് മുമ്പിലെത്തി. എന്നാൽ ഇവരിൽ ഇന്നും ശ്രദ്ധേയ കഥാപാത്രങ്ങൾ തുടരെ ലഭിക്കുന്നത് ഉർവശിക്കാണ്. ഒരിക്കൽ പോലും ഉർവശിയെ പഴയ കാല നടിയെന്ന് പ്രേക്ഷകർ വിളിച്ചിട്ടില്ല. മാറുന്ന സിനിമാ ലോകത്തിനൊപ്പം എന്നും ഉർവശിയുണ്ടായിട്ടുണ്ട്.
തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങൾ അവിസ്മരണീയമാക്കാനുള്ള ഉർവശിയുടെ കഴിവ് ഏവരും എടുത്ത് പറയാറുണ്ട്. പുരസ്കാരങ്ങളുടെ ഒരു നിര തന്നെ ഉർവശിയെ തേടിയെത്തി. മിഥുനം, സ്ഫടികം, തലയണമന്ത്രം, പൊൻമുട്ടയിടുന്ന താറാവ് തുടങ്ങി ഉർവശി നായികായായെത്തിയ സിനിമകൾക്ക് പ്രേക്ഷക മനസിൽ പ്രത്യേക സ്ഥാനമുണ്ട്. ഉളെളാഴുക്കാണ് നടിയുടെ പുതിയ സിനിമ. പാർവതി തിരുവോത്തിനൊപ്പമാണ് ചിത്രത്തിൽ നടി അഭിനയിച്ചത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.
ഉർവശി എന്ന നടിയുടെ അത്യഗ്രൻ പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണമെന്ന് പ്രേക്ഷകർ പറയുന്നു. ഉള്ളൊഴുക്കിന്റെ ഷൂട്ടിംഗ് അനുഭവങ്ങൾ പങ്കുവെക്കവെ ക്യൂ സ്റ്റുഡിയോയോട് ഉർവശി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വെള്ളത്തിൽ നിന്നുള്ള അഭിമനയം ബുദ്ധിമുട്ടായ സാഹചര്യത്തിൽ താൻ കടന്ന് വന്ന അനുഭവങ്ങൾ ആലോചിക്കുമായിരുന്നെന്നും ഉർവശി പറയുന്നു. വസ്ത്രം മാറാൻ നല്ലൊരു മറ പോലും ഇല്ലായിരുന്നു. കൂടെയുള്ള കോസ്റ്റ്യൂം അസിസ്റ്റന്റ്സും എന്റെ പേഴ്സണൽ സ്റ്റാഫുമെല്ലാം ലുങ്കി നാല് ഭാഗത്തും മറച്ച് അതിനകത്ത് നിന്നാണ് മാറ്റുക.
മുകളിലത്തെ മരമാെക്കെ നോക്കണം. ആരേലും മരത്തിൽ കയറി ഇരിക്കുന്നുണ്ടോയെന്ന്. അത് നോക്കാൻ കുറേപ്പേർ നിൽക്കും. അവരെ കല്ലെറിഞ്ഞ് താഴെയിടണം. ഇപ്പോൾ ആലോചിക്കുമ്പോൾ ചിരി വരുമെന്നും ഉർവശി പറയുന്നു. ഇന്നത്തെ കുട്ടികൾ കാരവാനില്ല, ബാത്ത്റൂമില്ല എന്ന് പറയുമ്പോൾ ഒരു പ്രാവശ്യം പോലും പറയാൻ കഴിഞ്ഞില്ലല്ലോ എന്ന് ആലോചിക്കും.
പ്രൊഡക്ഷൻ കൺട്രോളറോട് പറഞ്ഞാൽ ആ വീട്ടിലെങ്ങാനും പോയാൽ മതിയെന്ന് പറയും. കൂടെയുള്ളവരോട് പറഞ്ഞാൽ അവർ അടുത്തുള്ള വീട്ടിൽ ഏർപ്പാടാക്കും. ബാത്ത്റൂമിൽ പോകാൻ അനുവദിച്ചാൽ ആ വീട്ടുകാരെ മുഴുവൻ തൃപ്തിപ്പെടുത്തിയേ ഇറങ്ങാൻ പറ്റൂ. വിശേഷം മുഴുവൻ പറയണം. മൊബൈൽ ഫോൺ വന്നിട്ടില്ലാത്തത് കൊണ്ട് ഫോട്ടോ എടുപ്പില്ലായിരുന്നെന്നും ഉർവശി വ്യക്തമാക്കി.
ജെ ബേബി എന്ന സിനിമയിലെ പ്രകടനത്തിന് ഏറെ പ്രശംസ ലഭിച്ചതിന് പിന്നാലെയാണ് ഉള്ളൊഴുക്കിലും നടി കൈയടി നേടുന്നത്. ലീലാമ്മ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഉർവശി അവതരിപ്പിച്ചത്. പൊതുവേ കോമഡി ചെയ്യാനാണ് നടി താൽപര്യപ്പെടാറെങ്കിലും ജെ ബേബി, ഉള്ളൊഴുക്ക് എന്നീ സിനിമകളിൽ വൈകാരികമായി മറ്റൊരു തലത്തിലുള്ള കഥാപാത്രങ്ങളെയാണ് ഉർവശി അവതരിപ്പിച്ചത്. നടിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. തമിഴിലും മലയാളത്തിലുമായി നടിയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഉർവശിയുടെ മകൾ തേജാലക്ഷ്മിയും അഭിനയ രംഗത്തേക്ക് കടന്ന് വരാനുള്ള തയ്യാറെടുപ്പിലാണ്.