സാന്‍ഫ്രാന്‍സിസ്‌കോ:ദൈര്‍ഘ്യമേറിയ ചാന്ദ്രദൗത്യങ്ങള്‍ക്ക് ഒരുങ്ങുകയാണ് മനുഷ്യര്‍. നാസയും, ഐഎസ്ആര്‍ഒയും, ചൈനീസ് ബഹിരാകാശ ഏജന്‍സിയായ സിഎന്‍എസ്എയുമെല്ലാം മനുഷ്യരെ വഹിച്ചുള്ള വിവിധ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് പിറകെയാണ്. ദൈര്‍ഘ്യമേറിയ ദൗത്യങ്ങളിലെ ഏറ്റവും വലിയ വെല്ലുവിളി ജീവന്‍ നിലനിര്‍ത്താനുള്ള കുടിവെള്ളം ലഭ്യമാക്കുക എന്നതാണ്. മലിനജലം ശുദ്ധീകരിച്ച് ഉപയോഗിക്കാനുള്ള സാങ്കേതിക വിദ്യ ബഹിരാകാശ നിലയങ്ങളില്‍ ഇതിനകം ഉപയോഗത്തിലുണ്ട്. സമാനമായി മൂത്രം ശുദ്ധീകരിച്ച് കുടിവെള്ളമാക്കാന്‍ കഴിവുള്ള സ്‌പേസ് സ്യൂട്ട് വികസിപ്പിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞര്‍.
സയന്‍സ് ഫിക്ഷന്‍ സിനിമയായ ഡ്യൂണിലെ ‘സ്റ്റില്‍ സ്യൂട്ടുകളെ’ മാതൃകയാക്കിയാണ് ഈ സ്‌പേസ് സ്യൂട്ട് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇതിന് ബഹിരാകാശ സഞ്ചാരികളുടെ മൂത്രം ശേഖരിക്കാനും അഞ്ച് മിനിറ്റിനുള്ളില്‍ അത് ശുദ്ധീകരിച്ച് കുടിവെള്ളമാക്കിമാറ്റാനും സാധിക്കും.
ന്യൂയോര്‍ക്കിലെ കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയിലെ വെയ്ല്‍ കോര്‍ണല്‍ മെഡിസിനിലെ ഒരു ഗവേഷകരാണ് ഈ സ്‌പേസ് സ്യൂട്ട് വികസിപ്പിച്ചത്. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ നാസയുടെ ആര്‍ട്ടെമിസ് ദൗത്യത്തിനായി ഈ സ്‌പേസ് സ്യൂട്ടുകള്‍ വിന്യസിക്കാനാവുമെന്നാണ് സ്യൂട്ട് നിര്‍മിച്ചവരുടെ പ്രതീക്ഷ.
2026 ഓടെ ആര്‍ട്ടെമിസ് 3 ദൗത്യത്തിനായി തയ്യാറെടുക്കുകയാണ് നാസ. ചന്ദ്രന്റെ ദക്ഷിണ ധ്രുവ മേഖലയിലേക്ക് മനുഷ്യരെ അയക്കാനും ദീര്‍ഘകാലം മനുഷ്യ ഗവേഷണ ദൗത്യങ്ങള്‍ നടത്താനുമാണ് ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്. 2030 കളില്‍ ചൊവ്വയിലേക്കും മനുഷ്യരെ അയക്കാന്‍ നാസയ്ക്ക് പദ്ധതിയുണ്ട്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഇതിനകം മലിന ജലം ശുദ്ധീകരിക്കുന്ന സാങ്കേതിക വിദ്യ ഉപയോഗത്തിലുണ്ട്. വിയര്‍പ്പും മൂത്രവും ഈ രീതിയില്‍ ശുദ്ധീകരിക്കപ്പെടുന്നുണ്ട്. എന്നാല്‍ സഞ്ചാരികള്‍ നിലയത്തിന് പുറത്ത് കടക്കുമ്പോഴും സമാനമായ സംവിധാനം ആവശ്യമാണെന്ന് ഗവേഷകയായ സോഫിയ എറ്റ്‌ലിന്‍ പറയുന്നു.
നിലവില്‍ ബഹിരാകാശ സഞ്ചാരികള്‍ ഉപയോഗിക്കുന്ന സ്യൂട്ടിലെ ബാഗില്‍ ഒരു ലിറ്റര്‍ വെള്ളം മാത്രമാണ് ലഭ്യമാവുക. ചന്ദ്രനില്‍ പുറത്തിറങ്ങിയുള്ള ദൈര്‍ഘ്യമേറിയ പര്യവേക്ഷണങ്ങള്‍ക്ക് അത്രയും ജലം മതിയാവില്ല.
മാക്‌സിമം അബ്‌സോര്‍ബന്‍സി ഗാര്‍മെന്റ് (മാഗ്) എന്ന് വിളിക്കുന്ന വലിയവര്‍ ഉപയോഗിക്കാനാകുന്ന ഒരുതരം ഡയപ്പര്‍ ആണ് നിലവില്‍ ബഹിരാകാശ വസ്ത്രങ്ങളിലെ മലിന ജലം വലിച്ചെടുക്കാന്‍ ഉപയോഗിക്കുന്നത്. ഇതിന് ചിലപ്പോള്‍ ചോര്‍ച്ച സംഭവിക്കാനിടയുണ്ട്. അത് സ്യൂട്ട് വൃത്തിഹീനമാകുന്നതിന് കാരണമാവുകയും സഞ്ചാരികള്‍ക്ക് പ്രയാസം സൃഷ്ടിക്കുകയും ചെയ്യും. ഇത് പേടിച്ച് പലരും ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും നിയന്ത്രിക്കുകയാണ് പതിവ്. ഡയപ്പര്‍ ഉപയോഗിക്കുന്നത് കാരണ് പലര്‍ക്കും ഇന്‍ഫക്ഷന്‍ ഉണ്ടാവാറുമുണ്ട്.
സിലിക്കണ്‍ നിര്‍മിതമായ ഒരു കപ്പ് ഉപയോഗിച്ചാണ് മൂത്രം ശേഖരിക്കുക. സ്ത്രീക്കും പുരുഷനും ഇത് പ്രത്യേക ആകൃതിയിലായിരിക്കും. പ്രത്യേകം തയ്യാറാക്കിയ അടിവസ്ത്രത്തിനുള്ളിലായിരിക്കും ഈ കപ്പ് ഘടിപ്പിക്കുക.
ഈ സിലിക്കണ്‍ കപ്പ് ഒരു വാക്വം പമ്പുമായി ബന്ധിപ്പിച്ചിട്ടുണ്ടാവും. സഞ്ചാരി മൂത്രമൊഴിക്കുന്ന സമയം ഇത് പ്രവര്‍ത്തിക്കും. ശേഖരിക്കുന്ന മൂത്രം നേരെ ഒരു ശുദ്ധീകരണ സംവിധാനത്തിലേക്കാണ് പോവുക. അഞ്ച് മിനിറ്റില്‍ 500 മില്ലിലിറ്റര്‍ വെള്ളം ശുദ്ധീകരിച്ചെടുക്കാനാവും.ഈ പുതിയ സ്യൂട്ട് മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് ഗവേഷകര്‍. ഫ്രോണ്ടിയേഴ്‌സ് ഇന്‍ സ്‌പേസ് ടെക്‌നോളജിയില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.