ലഖ്നൗ:രാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഗതാഗതനിയന്ത്രണത്തിൽ കുരുങ്ങി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന സ്ത്രീ മരിച്ച സംഭവത്തിൽ മാപ്പുപറഞ്ഞ് ഉത്തർപ്രദേശ് പോലീസ്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി രാം നാഥ് കോവിന്ദ് കഴിഞ്ഞ ദിവസം രാത്രി കാൺപൂരിലെത്തിയിരുന്നു.
സന്ദർശനത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണത്തെത്തുടർന്നാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്ക് പോയ വന്ദന മിശ്ര എന്ന അമ്പതുകാരിക്ക് കാത്തുകിടക്കേണ്ടി വന്നത്. ആശുപത്രിയിലെത്താൻ വൈകിയതിനെ തുടർന്ന് ഇവർ മരിച്ചു. നേരത്തേ കോവിഡ് 19 ബാധിച്ചയാളാണ് വന്ദന. രോഗമുക്തി നേടിയെങ്കിലും പെട്ടെന്ന് ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്നാണ് ഇവരുമായി കുടുംബാംഗങ്ങൾ ആശുപത്രിയിലേക്ക് തിരിച്ചത്.
കാൺപുർ പോലീസിനുവേണ്ടിയും വ്യക്തിപരമായും താൻ മാപ്പുചോദിക്കുന്നതായി കാൺപുർ പോലീസ് മേധാവി അസിം അരുൺ ട്വീറ്റ് ചെയ്തു.’വന്ദന മിശ്രയുടെ നിര്യാണത്തിൽ എനിക്ക് അതിയായ ദുഃഖമുണ്ട്. ഇത് ഭാവിയിലേക്കുളള ഒരു വലിയ പാഠമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനായി കഴിയാവുന്നത്ര ചുരുങ്ങിയ സമയം മാത്രം പൗരന്മാരെ കാത്തുനിർത്തുന്ന രീതിയിലുളളതായിരിക്കും ഞങ്ങളുടെ റൂട്ട് സംവിധാനം എന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു.’ അദ്ദേഹം ട്വീറ്റ് ചെയ്തു.
തന്റെ യാത്ര സുഗമമാക്കുന്നതിന് വേണ്ടി ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണത്തെ തുടർന്ന് സ്ത്രീ മരിച്ച സംഭവത്തിൽ രാഷ്ട്രപതി അസ്വസ്ഥനാണെന്നാണ് റിപ്പോർട്ട്. അദ്ദേഹം പോലീസ് കമ്മിഷണറെയും ജില്ലാ മജിസ്ട്രേറ്റിനെയും നേരിട്ട് വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞു. തന്റെ അനുശോചനം കുടുംബത്തെ അറിയിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
സംഭവത്തെ തുടർന്ന് ഒരു സബ് ഇൻസ്പെക്ടറിനെയും മൂന്ന് കോൺസ്റ്റബിളിനെയും സസ്പെൻഡ് ചെയ്തു.അന്വേഷണം നടത്തുന്നതിനായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടിട്ടുണ്ട്.