‘ഇത് നമ്മുടെ സംസ്‌കാരമല്ല’; പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുന്നതും ആണ്‍കുട്ടികള്‍ ഷോര്‍ട്ട് പാന്റ്‌സുപോലുള്ള വസ്ത്രങ്ങളും ധരിക്കുന്നത് നിരോധിച്ച് യു.പി ഖാപ് പഞ്ചായത്ത്

ലക്‌നൗ: പെണ്‍കുട്ടികള്‍ ജീന്‍സും സ്‌കര്‍ട്ടും ധരിക്കുന്നതും ആണ്‍കുട്ടികള്‍ ഷോര്‍ട്ട് പാന്റ്‌സുപോലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതും നിരോധിച്ച് ഉത്തര്‍ പ്രദേശിലെ ഖാപ് പഞ്ചായത്ത്. മുസഫര്‍നഗറിലെ പിപ്പല്‍ഷാ ഗ്രാമത്തില്‍ ചേര്‍ന്ന നാട്ടുകൂട്ടമാണ് തീരുമാനമെടുത്തത്.

”ഇത് നമ്മുടെ സംസ്‌കാരമല്ല. പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കരുത്. സ്‌കര്‍ട്ടുകളും. പുരുഷന്‍മാരും യോജിച്ച വസ്ത്രം അണിയണം. അനുയോജ്യമായ വസ്ത്രം ധരിക്കാത്ത പക്ഷം അവര്‍ക്കെതിരെ സാമൂഹിക വിലക്ക് നടപ്പാക്കും”- തീരുമാനം പ്രഖ്യാപിച്ച് ഭാരതീയ കിസാന്‍ സംഗതന്‍ പ്രസിഡന്റ് താകൂര്‍ പുരാന്‍ സിങ് പറഞ്ഞു.

നേരത്തെ കര്‍ഷക സമരത്തില്‍ നിന്ന് പിന്‍വാങ്ങി മാധ്യമ ശ്രദ്ധ നേടിയ സംഘടനയാണ് ബി.കെ.എസ്. പാശ്ചാത്യ സംസ്‌കാരത്തിന്റെ ഭാഗമാണ് വിലക്കപ്പെട്ട വസ്ത്രങ്ങളെന്നാണ് വിശദീകരണം. പകരം ഇന്ത്യന്‍ വേഷങ്ങളിലേക്ക് സ്ത്രീകളും പുരുഷന്‍മാരും പൂര്‍ണമായും മാറണം. സാരികള്‍, ഖാഗ്രകള്‍, സല്‍വാര്‍ ഖമീസ് തുടങ്ങിയ പാരമ്പര്യ വസ്ത്രങ്ങളാണ് ധരിക്കേണ്ടത്.

അല്ലാത്തവര്‍ക്കെതിരെ ശിക്ഷയും ബഹിഷ്‌കരണവും നടപ്പാക്കും. സ്‌കൂള്‍ യൂനിഫോമിന്റെ ഭാഗമായി കുട്ടികള്‍ ഹാഫ് പാന്റുകള്‍ അണിയുന്ന സാഹചര്യം ഒഴിവാക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റുമായി സംസാരിക്കുമെന്നും താകൂര്‍ പുരാന്‍ സിങ് കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News