News

പശുക്കളെ കുറിച്ചുള്ള പഠനത്തിന് യൂണിവേഴ്സിറ്റികളില്‍ ‘കാമധേനു ചെയര്‍’; നിര്‍ദ്ദേശവുമായി യു.പി സര്‍ക്കാര്‍ കമ്മീഷന്‍

ലക്‌നൗ: പശുക്കളെ കുറിച്ചുള്ള പഠനം പ്രോത്സാഹിപ്പിക്കാന്‍ യൂണിവേഴ്സിറ്റികളില്‍ ‘കാമധേനു ചെയര്‍’ സ്ഥാപിക്കണമെന്ന് ഉത്തര്‍പ്രദേശ് ഗോസേവ ആയോഗിന്റെ നിര്‍ദേശം. അലഹബാദ് യൂണിവേഴ്സിറ്റിയില്‍ പശുക്കളെ കുറിച്ച് പഠിക്കാനായി വിഭാഗം ആരംഭിക്കുമെന്ന ചാന്‍സിലര്‍ സംഗീത ശ്രീവാസ്തവയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഗോ സേവ ആയോഗിന്റെ നിര്‍ദേശം വന്നിരിക്കുന്നത്.

‘ഗ്രാമപ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് തദ്ദേശീയ പശുക്കളെക്കുറിച്ച് കൂടുതല്‍ അറിവ് ലഭിക്കുന്നതിന് ഇത് കാരണമാകുമെന്ന് പശു കമ്മീഷന്‍ അഡിഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ അമിത് കുമാര്‍ ഗുപ്ത പറഞ്ഞു. പാല്‍ ഉത്പന്നങ്ങളുടെ സഹായത്തോടെ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് ഇത് സഹായിക്കുമെന്നും ഗുപ്ത കൂട്ടിച്ചേര്‍ത്തു.

വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല, പുതിയ ടെക്നോളജികളെ കുറിച്ചുള്ള അറിവുകള്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ സഹായമാകുമെന്നും ഗോസേവാ ആയോഗ് അഭിപ്രായപ്പെടുന്നു. ദേശീയ കാമധേനു കമ്മീഷന്‍ ചെയര്‍മാന്‍ വല്ലഭായ് ഖതിരിയ നടത്തിയ ഒരു വെബിനാറില്‍ പങ്കെടുത്തതിന് ശേഷമാണ് അലഹബാദ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ തന്റെ സര്‍വകലാശാലയില്‍ പശുക്കളെ കുറിച്ചുള്ള പഠനത്തിന് വിഭാഗം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്.

യുജിസിയുടെയും എ ഐ സി ടി ഇയുടെയും സഹാത്താലാണ് ഇത് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. പദ്ധതിക്ക് വേണ്ടി യു ജി സി 1.5കോടി തുക ഗ്രാന്റായി അനുവദിക്കും എന്നാണ് യൂണിവേഴ്സിറ്റി കണക്കുകൂട്ടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button