ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ഒന്നാം ഘട്ട തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തുടങ്ങി. പടിഞ്ഞാറന്‍ യുപിയിലെ 58 നിയമസഭ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. പടിഞ്ഞാറന്‍ യുപിയിലെ പ്രബല സമുദായമായ ജാട്ട് വിഭാഗക്കാരുടെ സഹായത്തോടെ 53 നിയമസഭാ സീറ്റുകളാണ് 2017 നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്വന്തമാക്കിയത്. കര്‍ഷക സമരത്തെ തുടര്‍ന്ന് ഉയര്‍ന്നു വന്ന ബിജെപി വിരുദ്ധ വികാരവും കരിന്പ് കര്‍ഷകര്‍ക്ക് വില കൂട്ടി നല്‍കുമെന്ന വാഗ്ദാനം പാലിക്കപ്പെടാത്തതും ബിജെപിക്ക് വെല്ലുവിളിയാണ്.
ജാട്ട് സമുദായത്തെ ഏകോപിപ്പിച്ചു കൊണ്ടുള്ള രാഷ്ട്രീയ ജനതാദള്‍ നേതാവ് ജയന്ത് ചൗധരിയുടെ പ്രവര്‍ത്തനങ്ങളും ബിജെപിയുടെ സാധ്യതകള്‍ക്ക് തടസമാകുന്നു. കര്‍ഷക സമരത്തില്‍ പങ്കെടുത്ത കര്‍ഷകരെ പാക്കിസ്ഥാനികള്‍ എന്നും ഖാലിസ്ഥാനികള്‍ എന്നും വിശേഷിപ്പിച്ച ബിജെപി സര്‍ക്കാരിന് എതിരേ ഭാരതീയ കിസാന്‍ യൂണിയന്‍ ഉള്‍പ്പെടെയുള്ള കര്‍ഷക സംഘടനകള്‍ നിശബ്ദ സ്വാധീനം ചെലുത്തുന്നു.
പടിഞ്ഞാറന്‍ യുപിയിലെ എല്ലാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നുണ്ട്. ബഹുജന്‍ സമാജ് പാര്‍ട്ടി ഏറ്റവും അധികം മുസ്ലിം സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നതും ഇവിടെ നിന്നാണ്. സുരേഷ് റാണ, അതുല്‍ ഗാര്‍ഗ്, ശ്രീകാന്ത് ശര്‍മ, കപില്‍ ദേവ് അഗര്‍വാള്‍, സന്ദീപ് സിംഗ് തുടങ്ങിയ നിരവധി പ്രമുഖര്‍ പടിഞ്ഞാറന്‍ യുപിയില്‍ നിന്നും മത്സരിക്കുന്നുണ്ട്. ആഗ്ര, മഥുര, അലിഗഡ്, ഗാസിയബാദ്, ബാഘ്പത്, ശാംലി, മീററ്റ് ബുലന്ദ്ശഹര്‍ തുടങ്ങിയ 58 മണ്ഡലങ്ങളാണ് ഇന്ന് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
ഫെബ്രുവരി 10, 14, 20, 23, 27, മാര്‍ച്ച് 3, 7 എന്നിങ്ങനെ ഏഴ് ഘട്ടങ്ങളിലായാണ് 2022ലെ യുപി തെരഞ്ഞെടുപ്പ്. ശ്രീകാന്ത് ശര്‍മ്മ, സുരേഷ് റാണ, സന്ദീപ് സിംഗ്, കപില്‍ ദേവ് അഗര്‍വാള്‍, അതുല്‍ ഗാര്‍ഗ്, ചൗധരി ലക്ഷ്മി നരേന്‍ തുടങ്ങിയ മന്ത്രിമാരുടെ വിധി ആദ്യഘട്ടത്തില്‍ തീരുമാനിക്കും. 2017ല്‍ 58ല്‍ 53 സീറ്റുകള്‍ ബിജെപി നേടിയപ്പോള്‍ സമാജ്വാദി പാര്‍ട്ടിക്കും ബിഎസ്പിക്കും രണ്ട് വീതം സീറ്റുകളാണ് ലഭിച്ചത്. ഒരു സീറ്റ് രാഷ്ട്രീയ ലോക്ദളിന് ലഭിച്ചു.
യുപി തെരഞ്ഞെടുപ്പ് 2022 ഒരുപക്ഷേ ഏറ്റവും കൂടുതല്‍ മത്സരിക്കുന്നതും രാഷ്ട്രീയമായി പ്രാധാന്യമുള്ളതുമായ തെരഞ്ഞെടുപ്പാണ്, കാരണം പൊതു തെരഞ്ഞെടുപ്പില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഏറ്റവും കൂടുതല്‍ ലോക്സഭാ സീറ്റുകളും ഇതിന് ഉണ്ട്.