പട്ന: ബിഹാറില്‍ കൊവിഡ് കുതിച്ചുയരുമ്പോള്‍ ആംബുലന്‍സുകള്‍ ഉപയോഗിക്കാതെ ബി.ജെ.പി എം.പിയുടെ വീട്ടുവളപ്പില്‍ പാര്‍ക്ക് ചെയ്തത് വിവാദത്തില്‍. എം.പി രാജീവ് പ്രതാപ് റൂഡിയുടെ വീട്ടുവളപ്പില്‍ പാര്‍ക്ക് ചെയ്ത ഏതാനും ആംബുലന്‍സുകളാണ് ടര്‍പോളിന്‍ ഉപയോഗിച്ച് മൂടിയിട്ടിരിക്കുന്നത്. ഇതിന്റെ വീഡിയോദൃശ്യം ജന്‍ അധികാര്‍ പാര്‍ട്ടി അധ്യക്ഷനും മുന്‍ എം.പിയുമായ പപ്പു യാദവ് പുറത്തുവിട്ടതോടെ സംഭവം വിവാദമായി.
സംസ്ഥാനത്ത് ആംബുലന്‍സ്, മരുന്ന്, ഓക്സിജന്‍ എന്നിവയ്ക്കൊക്കെ ക്ഷാമം നേരിടുമ്പോള്‍ എന്തുകൊണ്ടാണ് ഈ ആംബുലന്‍സുകള്‍ ഉപയോഗിക്കാതെ മൂടിയിട്ടിരിക്കുന്നതെന്നാണ് പപ്പു യാദവിന്റെ ചോദ്യം. 30ല്‍ ഏറെ ആംബുലന്‍സുകളാണ് ഇത്തരത്തില്‍ ഉപയോഗിക്കാതെ ഇട്ടിരിക്കുന്നത്.
100ല്‍ ഏറെ ആംബുലന്‍സുകള്‍ നേരത്തെയുണ്ടായിരുന്നു. ബാക്കിയുള്ളവ പുറത്തേക്ക് കൊണ്ടുപോയി എന്നും പപ്പു യാദവ് പറയുന്നു. ഇത് രാജീവ് പ്രതാപ് റൂഡിയും പപ്പു യാദവും തമ്മിലുള്ള പ്രശ്നമല്ല. ബിഹാറും ബിഹാറിലെ ജനങ്ങളുടെയും വിഷയമാണ്.- പപ്പു യാദവ് പറയുന്നു.
സരണ്‍ മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധിയാണ് റൂഡി. ആംബുലന്‍സുകള്‍ ഓടിക്കാന്‍ ഡ്രൈവറെ കിട്ടാതെ വന്നതിനാലാണ് ഇത്തരത്തില്‍ പാര്‍ക്ക് ചെയ്തതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. പപ്പു യാദവ് ആരോപിക്കുന്ന പോലെ 100 ആംബുലന്‍സുകള്‍ ഇല്ല. 20 എണ്ണം മാത്രമാണ് പാര്‍ക്ക് ചെയ്തിരിക്കുന്നത്. പപ്പു യാദവിന് ഈ ആംബുലന്‍സുകള്‍ എടുത്തുകൊണ്ടുപോകാം. എന്നാല്‍ ഡ്രൈവര്‍മാരെ കണ്ടെത്തി നിയമിക്കുമെന്ന് സരണിലെ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കണമെന്നും റൂഡി പ്രതികരിച്ചു.
ആംബുലന്‍സ് ഡ്രൈവ് ചെയ്യാന്‍ കഴിയുന്ന ഡോക്ടര്‍മാരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് എം.പി കഴിഞ്ഞ ദിവസം ചപ്ര ജില്ലാ കലക്ടര്‍ക്കും കത്ത നല്‍കിയിരുന്നു. സരണ്‍ മണ്ഡലത്തില്‍പെട്ടുന്ന മഥുരയിലുള്ള എം.പിയുടെ സ്ഥലത്താണ് ആംബുലന്‍സുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നത്. ഇവ മൂടിയിട്ടിരിക്കുന്ന ടര്‍പോളിന്‍ പപ്പു യാദവ് വീഡിയോയില്‍ നീക്കി കാണിക്കുന്നുണ്ട. എം.പിയുടെ പ്രദേശി വികസന ഫണ്ട് -2019 ഉപയോഗിച്ചാണ് ആംബുലന്‍സുകള്‍ വാങ്ങിയിരിക്കുന്നതെന്നും അവയില്‍ എഴുതി വച്ചിട്ടുണ്ട്.
ബിഹാറില്‍ ഇന്നലെ 13,000ല്‍ ഏറെ കൊവിഡ് കേസുകളും 62 മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. 1.5 ലക്ഷത്തിലേറെ പേരാണ് ചികിത്സയിലുള്ളത്. ഇതിനകം 3000ല്‍ ഏറെ പേര്‍ മരണമടഞ്ഞു.