തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ തനിക്ക് എതിരായ ആരോപണങ്ങൾ എല്ലാം നിഷേധിച്ച് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി. ശ്രീകോവിലിന് പുതിയ വാതിൽ നിർമ്മിക്കാൻ ആവശ്യപ്പെട്ടത് ദേവസ്വമാണെന്നും ഉണ്ണികൃഷ്ണൻ പോറ്റി വെളിപ്പെടുത്തി.
നിലവിലുള്ള വാതിൽ അടയ്ക്കാൻ ബുദ്ധിമുട്ടാണെന്ന് കാണിച്ചായിരുന്നു തന്നെ സമീപിച്ചതെന്നും അഞ്ച് സുഹൃത്തുക്കൾ ചേർന്നാണ് അത് ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരു സ്വദേശിയായ ഗോവർദ്ധൻ ആണ് എല്ലാ ചെലവും വഹിക്കാം എന്ന് ഏറ്റെടുത്തത്. മറ്റാരും അതിനായി സ്വർണമോ പണമോ ഉപയോഗിച്ചിട്ടില്ല.
വാതിൽ പാളി നിർമ്മിച്ചതിനു ശേഷം ചെന്നൈയിൽ തന്നെ ഒരു ദിവസം പൂജ നടത്തി എന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു. പോകുന്ന വഴിയിൽ നടൻ ജയറാമിന്റെ വീട്ടിൽ കയറിയത് വിശ്രമത്തിന് ആയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല വിവാദത്തിൽ, പ്രധാന കഥാപാത്രമായ ഉണ്ണികൃഷ്ണൻ പൊറ്റിയെ ദേവസ്വം വിജിലൻസ് ഉദ്യോഗസ്ഥർ ഇന്ന് ചോദ്യം ചെയ്യാൻ ഇടയില്ല. രണ്ടു ദിവസം മുൻപ് തിരുവനന്തപുരത്തെ വീട്ടിൽ എത്തിയ ഉണ്ണിക്കൃഷ്ണനെ ഇന്ന് വിശദമായി ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇതിനായി നോട്ടീസ് നൽകിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. തിരുവനന്തപുരത്തും ബാംഗ്ലൂരുവിലുമായി രണ്ടു തവണ പോറ്റിയെ ചോദ്യം ചെയ്തു കഴിഞ്ഞു. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ആവശ്യം വന്നാൽ പിന്നീട് വിളിപ്പിക്കും എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് പന്തളം കൊട്ടാരം വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു. ആശങ്ക പരിഹരിക്കാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ട്. ചെന്നൈയിൽ നടത്തിയ സ്വർണം പൂശൽ ജോലികളിലും സംശയമുണ്ട്. ഇത്ര ചുരുങ്ങിയ കാലത്തിനുള്ളിൽ എങ്ങനെ നിറം മങ്ങിയെന്ന കാര്യത്തിലടക്കം സംശയങ്ങളുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയെ വിശദമായി ചോദ്യം ചെയ്യണം. വിജയ് മല്യ നൽകിയ സ്വർണ്ണപ്പാളികൾ നഷ്ടപ്പെട്ടോ എന്ന് പരിശോധിക്കണമെന്നും 2019 ഒരു നടപടിക്രമങ്ങളും പാലിച്ചില്ലെന്നും പന്തളം കൊട്ടാരം അധികൃതര്‍ പറഞ്ഞു.


