‘ശക്തി’ ചുഴലിക്കാറ്റ് അറബികടലിൽ പ്രവേശിച്ചു, കേരളത്തിൽ 3 ദിവസം ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയുള്ള ശക്തമായ മഴയ്ക്ക് സാധ്യത. ഈ വർഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായ ‘ശക്തി’ അറബിക്കടലിൽ പ്രവേശിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്ത് മഴ കണക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഈ മാസം ഒക്ടോബർ 5 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മണിക്കൂറുകളിൽ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. നിലവിൽ അടുത്ത ദിവസങ്ങളിലേക്ക് പ്രത്യേക മഴ മുന്നറിയിപ്പുകളായ റെഡ് അലർട്ടോ, ഓറഞ്ച് അലർട്ടോ, യെല്ലോ അലർട്ടോ ഒരു ജില്ലയിലും പുറപ്പെടുവിച്ചിട്ടില്ല.

ഇടിമിന്നൽ മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവനും, വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും നാശനഷ്ടം വരുത്താൻ സാധ്യതയുള്ളതിനാൽ, കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ പൊതുജനങ്ങൾ താഴെ പറയുന്ന മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്:ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കുക.ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളപ്പോൾ ജനലും വാതിലും അടച്ചിടുക.

വാതിലിനും ജനലിനും അടുത്ത് നിൽക്കാതിരിക്കുക.കെട്ടിടത്തിനകത്തായിരിക്കുമ്പോൾ പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കുക.ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഒഴിവാക്കുക.ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും.അന്തരീക്ഷം മേഘാവൃതമാണെങ്കിൽ കുട്ടികൾ ഉൾപ്പെടെ തുറസായ സ്ഥലത്തും ടെറസിലും കളിക്കുന്നത് ഒഴിവാക്കുക.ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുക. ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News