അണ്‍ലോക്ക് മൂന്നാംഘട്ടം; സിനിമാ തിയേറ്ററുകളും ജിമ്മുകളും തുറക്കാന്‍ ആലോചന

ന്യൂഡല്‍ഹി: രാജ്യത്തെ അണ്‍ലോക്ക് മൂന്നാം ഘട്ടത്തിന്റെ ഭാഗമായി സിനിമാ തിയേറ്ററുകളും ജിമ്മുകളും തുറക്കുന്നകാര്യം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍. ഇതു സംബന്ധിച്ചു ലഭ്യമായ അപേക്ഷകള്‍ കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കുന്നതായി വിവരം. അതേസമയം സ്‌കൂളുകളിലും കോളജുകളിലും ഇനിയുള്ള ഘട്ടത്തിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം മതിയെന്നാണു നിലപാടെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഇരിപ്പിട ശേഷിയുടെ 25-30 ശതമാനം വരെ ഉപയോഗിച്ചു തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് തിയേറ്റര്‍ ഉടമകളുടെ അസോസ്യേഷന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തെ സമീപിച്ചിരുന്നു. സംഘടനയുടെ അഭ്യര്‍ഥന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും അയച്ചു. ചില നിയന്ത്രണങ്ങളോടെയായിരിക്കും ജിംനേഷ്യങ്ങളുടെ പ്രവര്‍ത്തനം. മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ അനുമതി വേണമെന്ന ആവശ്യവുമായി ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്.

കോവിഡ് ഭീഷണിയെ തുടര്‍ന്ന് മാര്‍ച്ച് അവസാനത്തോടെയാണ് രാജ്യത്തെ തിയേറ്റര്‍, ജിംനേഷ്യം, സ്‌കൂള്‍, കോളജ് എന്നിവ അടച്ചുപൂട്ടിയത്. ലോക്ഡൗണ്‍ അവസാനിച്ചതിനു ശേഷം മാളുകള്‍, മാര്‍ക്കറ്റുകള്‍, പൊതുഗതാഗതം എന്നിവയ്ക്കു നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News