ഹൈദരാബാദ്:ആന്ധ്രപ്രദേശിലെ എല്ലൂരുവിൽ അജ്ഞാതരോഗം പടരുന്നു.ഞായറാഴ്ച രോഗബാധിതനായ ഒരാൾ മരിച്ചു. ഇതുവരെ 292 പേർക്കാണ് രോഗം ബാധിച്ചത്. ഇവരിൽ 140 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. മറ്റുളളവരുടെ നില തൃപ്തികരമാണെന്ന് പടിഞ്ഞാറൻ ഗോദാവരി ജില്ലയിലെ ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു.
രോഗകാരണമെന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.രോഗികൾ അപസ്മാരം, ഛർദി എന്നീ ലക്ഷണങ്ങൾ പ്രകടിപ്പിച്ച് ബോധരഹിതരാവുകയാണ് ചെയ്യുന്നത്. ഇതേ ലക്ഷണങ്ങളോടെ വിജയവാഡയിലെ ആശുപത്രിയിൽ ഞായറാഴ്ച രാവിലെ പ്രവേശിപ്പിച്ച 45കാരനാണ് വൈകീട്ടോടെ മരിച്ചത്.
രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരിൽ ഭൂരിഭാഗം പേരും വളരെ വേഗം തന്നെ രോഗമുക്തരാകുന്നുണ്ട്. എന്നാൽ ഏഴുപേരെ വിദഗ്ധ ചികിത്സയ്ക്കായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. രോഗികളെ ചികിത്സിക്കുന്നതിനായി ഡോക്ടർമാരുടെ പ്രത്യേക സംഘം ഇവിടെ എത്തിയിട്ടുണ്ട്. മുൻകരുതലെന്നോണം വീടുകൾ തോറും സർവേ നടത്തിയിട്ടുണ്ട്.