ജനീവ: ഇരുപത് ദശലക്ഷത്തിലധികം ആളുകളെ കൊന്നൊടുക്കിയ കോവിഡിനേക്കാള്‍ ‘മാരകമായ’ ഒരു വൈറസിനെ നേരിടാന്‍ ലോകം തയ്യാറെടുക്കണമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് മുന്നറിയിപ്പ് നല്‍കി.
ദി ഇന്‍ഡിപെന്‍ഡന്റ് ആണ് ഇക്കാര്യം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുന്നത്. കോവിഡ് -19 പാന്‍ഡെമിക് ഇനി ആരോഗ്യ അടിയന്തരാവസ്ഥയല്ലെന്ന് ആഗോള ആരോഗ്യ സംഘടന അടുത്തിടെ പ്രഖ്യാപിച്ചത്തിന് പിന്നാലെയാണ് പുതിയ മുന്നറിയിപ്പ്.
അടുത്ത പാന്‍ഡെമിക് തടയുന്നതിനുള്ള ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകേണ്ട സമയമാണിതെന്ന് ജനീവയില്‍ നടന്ന വാര്‍ഷിക ആരോഗ്യ അസംബ്ലിയില്‍ ഡോ ടെഡ്രോസ് പറഞ്ഞു. എന്നാല്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ നടന്ന ലോകാരോഗ്യ അസംബ്ലിയുടെ യോഗത്തില്‍, കോവിഡ് -19 പാന്‍ഡെമിക് അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
”രോഗത്തിന്റെയും മരണത്തിന്റെയും പുതിയ കുതിച്ചുചാട്ടത്തിന് കാരണമാകുന്ന മറ്റൊരു വകഭേദത്തിന്റെ ഭീഷണി നിലനില്‍ക്കുന്നു,”- ടെഡ്രോസ് പറഞ്ഞു. പൊതുജനാരോഗ്യത്തിന് ഏറ്റവും വലിയ അപകടമുണ്ടാക്കുന്ന ഒമ്പത് മുന്‍ഗണനാ രോഗങ്ങളെ ലോകാരോഗ്യ സംഘടന തിരിച്ചറിഞ്ഞിട്ടുണ്ട്.