ന്യൂഡല്‍ഹി: ബി.ബി.സി ഡോക്യുമെന്ററി വിവാദങ്ങള്‍ക്കിടയില്‍ രാജ്യത്ത് ഭിന്നതയുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്ന അഭിപ്രായവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അത്തരം ശ്രമങ്ങള്‍ ഇന്ത്യയില്‍ വിലപോവില്ലെന്നും അവ ഏതു വിധേനയും തടയുമെന്നും റിപ്ലബിക് ദിനാഘോഷങ്ങളില്‍ പങ്കെടുത്ത എന്‍.സി.സി കേഡറ്റുകളോട് സംവദിക്കവെ പ്രധാനമന്ത്രി പറഞ്ഞു.
ലോകം മുഴുവന്‍ ഇന്ത്യയെ ഉറ്റു നോക്കുന്നതിനു കാരണം നമ്മുടെ രാജ്യത്തെ യുവതലമുറയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. യുവതലമുറയ്ക്ക് ഉപകാരപ്രദമാകുന്ന നിരവധി ഡിജിറ്റല്‍ സംരംഭ
ങ്ങളും സ്റ്റാര്‍ട്ടപ്പുകളും കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇത് ഇന്ത്യന്‍ യുവതയ്ക്ക് അവസരങ്ങളുടെ കാലഘട്ടമാണെന്നും ഇന്ത്യയുടെ വളര്‍ച്ചയുടെ സമയം വന്നെത്തിയതായി വ്യക്തമാണെന്നും മോദി പറഞ്ഞു.
അതേസമയം രാജ്യത്ത് ഭിന്നതയുണ്ടാക്കാനുള്ള പല ശ്രമങ്ങളും നടക്കുന്നു എന്നും ഭാരതാംബയുടെ മക്കള്‍ക്കിടയില്‍ വേര്‍തിരിവ് ഉണ്ടാക്കാനാണ് പലരുടേയും പരിശ്രമമെന്നും മോദി അഭിപ്രായപ്പെട്ടു. എന്നാല്‍ ഒരുമയാണ് ഇന്ത്യയുടെ കരുത്തെന്നും രാജ്യം പുരോഗതിയാര്‍ജ്ജിക്കുന്നത് അതുവഴിയാണെന്നും മോദി പറഞ്ഞു.
ഇന്ത്യ യുവതലമുറയ്ക്ക് പ്രതിരോധ വകുപ്പിലുള്‍പ്പടെ നിരവധി അവസരങ്ങള്‍ ഒരുക്കുന്നു എന്നു പറഞ്ഞ മോദി കഴിഞ്ഞ എട്ടു വര്‍ഷങ്ങളില്‍ പ്രതിരോധ മേഖലയിലുള്ള വനിതകളുടെ എണ്ണം ഇരട്ടിയായെന്നും സ്ത്രീകള്‍ക്ക് നിരവധി അവസരങ്ങളാണ് സര്‍ക്കാര്‍ ഒരുക്കുന്നതെന്നും പറഞ്ഞു.