InternationalNews

ശ്രീലങ്കയിൽ ദേശീയ സർക്കാർ, 4 മന്ത്രിമാർ അധികാരമേറ്റു; ബേസിൽ രാജപക്‌സെ പുറത്ത്

കൊളംബോ:കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയില്‍ എല്ലാ രാഷ്ട്രീയ കക്ഷികളെയും ഉൾപ്പെടുത്തി ദേശീയ സർക്കാർ രൂപീകരിച്ചു. ആദ്യഘട്ടത്തിൽ നാലു മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇതിൽ രാജപക്സെ കുടുംബത്തിൽനിന്ന് ആരുമില്ല. ധനമന്ത്രിയായിരുന്നു ബേസിൽ രാജപക്സെയ്ക്കു സ്ഥാനം നഷ്ടമായി. നിയമ–പാർലമെന്ററി മന്ത്രിയായിരുന്ന അലി സബ്രിയാണ് പുതിയ ധനമന്ത്രി. ജി.എൽ.പീരിസ് വിദേശകാര്യമന്ത്രിയായി തുടരും. ദിനേശ് ഗുണവർധന (വിദ്യാഭ്യാസം), ജോൺസ്റ്റൺ ഫെർണാണ്ടോ (ഗതാഗതം) എന്നിവരാണ് ചുമതലയേറ്റ മറ്റു മന്ത്രിമാർ.

പൂർണമന്ത്രിസഭ രൂപീകരിക്കുന്നതുവരെ ഇവർ ചുമതലകൾ വഹിക്കും. സര്‍ക്കാരില്‍ ചേരാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും പ്രസിഡന്റ് ഗോട്ടോബയ രാജപക്സെ ക്ഷണിച്ചിരുന്നു. മൂത്തസഹോദരനും പ്രധാനമന്ത്രിയുമായ മഹിന്ദ രാജപക്സെയുമായി നടത്തിയ ചര്‍ച്ചകള്‍ക്കു പിന്നാലെയാണു പ്രസിഡന്റിന്റെ നടപടി. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നുള്ള ജനരോഷം ശക്തമാകുന്നതിനിടെയാണ് നീക്കം.

ഞായറാഴ്ച രാത്രി മഹിന്ദ രാജപക്സെ ഒഴികെ  26 കാബിനറ്റ് മന്ത്രിമാരും രാജി സമർപ്പിച്ചിരുന്നു. മഹിന്ദയുടെ മകനും യുവജനകാര്യ, കായിക വകുപ്പ് മന്ത്രിയുമായ നമൽ രാജപക്സെ രാജിവച്ചതിനു പിന്നാലെയായിരുന്നു കൂട്ടുരാജി. മഹിന്ദ രാജപക്സെ രാജിവച്ചതായി അഭ്യൂഹം ഉയർന്നിരുന്നെങ്കിലും പ്രധാനമന്ത്രിയുടെ ഓഫിസ് ഇതു നിഷേധിച്ചു.

ദേശീയ സർക്കാർ രൂപീകരിക്കാൻ ധാരണയായെന്ന വാർത്തയ്ക്കു പിന്നാലെയാണ് മഹിന്ദയുടെ രാജി അഭ്യൂഹം പരന്നത്. ദേശീയ സർക്കാരിന് പ്രസിഡന്റ് അനുകൂലമാണെന്നു മുൻ മന്ത്രി വിമൽ വീരവൻസയും പറഞ്ഞിരുന്നു. അതേസമയം, കേന്ദ്ര ബാങ്ക് ഗവർണർ അജിത് നിവാർഡ് കബ്രാലും രാജി പ്രഖ്യാപിച്ചു. ഒരാഴ്ചയ്ക്കകം ദേശീയ സർക്കാർ രൂപീകരിച്ചില്ലെങ്കിൽ ഭരണമുന്നണി വിടുമെന്നു ശ്രീലങ്ക ഫ്രീഡം പാർട്ടി പ്രസിഡന്റിനു കത്തുനൽകിയിരുന്നു.

ഞായറാഴ്ച, പ്രതിപക്ഷം പ്രഖ്യാപിച്ച രാജ്യവ്യാപക പ്രക്ഷോഭം ചിലയിടങ്ങളിൽ അക്രമാസക്തമായി. കർഫ്യൂ ലംഘിച്ച് റാലി നടത്താൻ ശ്രമിച്ച 664 പേരെ അറസ്റ്റ് ചെയ്തു. പെരാദെനിയയിൽ വിദ്യാർഥി പ്രതിഷേധം തടയാൻ കണ്ണീ‍ർവാതകം പ്രയോഗിച്ചു. കാൻഡി നഗരത്തിലും വിദ്യാർഥി പ്രക്ഷോഭം അക്രമാസക്തമായി.

പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയുടെ നേതൃത്വത്തിൽ കൊളംബോയിൽ എംപിമാർ മാർച്ച് നടത്തി. രാജപക്സെ കുടുംബം സര്‍ക്കാരില്‍ നിന്ന് പുറത്തുപോകണമെന്നാവശ്യപ്പെട്ട് ജനകീയ സമരങ്ങള്‍ ശക്തമായി. കൊളംബോയ്ക്കു പുറമെ കൂടുതല്‍ നഗരങ്ങളിലേക്ക് സമരങ്ങള്‍ വ്യാപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button