FeaturedKeralaNews

മൂവാറ്റുപുഴയിലെ ജപ്തിയില്‍ വമ്പന്‍ ട്വിസ്റ്റ്,വായ്പ അടച്ചുതീര്‍ത്ത് ബാങ്ക് ജീവനക്കാര്‍,പണം അടയ്ക്കാമെന്ന് എം.എല്‍.എ കത്തു നല്‍കിയതിന് പിന്നാലെയാണ് സി.ഐ.ടി.യുക്കാര്‍ പണം അടച്ചുതീര്‍ത്തത്.

കൊച്ചി:മൂവാറ്റുപുഴയില്‍ വീട്ടുടമസ്ഥന്‍ ഇല്ലാതിരുന്ന സമയത്ത് മൂന്ന് പെണ്‍കുട്ടികളെ പുറത്താക്കി ജപ്തി ചെയ്ത സംഭവത്തില്‍ വമ്പന്‍ ട്വിസ്റ്റ്,വായ്പക്കാരനായ അജേഷിന്റെ കുടിശിക മുഴുവന്‍ ബാങ്കിലെതന്നെ ജീവനക്കാരായ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ അംഗങ്ങളാണ് അടച്ചുതീര്‍ത്തത്.കേരള ബാങ്ക് പ്രസിഡണ്ട് ഗോപി കോട്ടമുറിയ്ക്കല്‍ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഗോപി കോട്ടമുറിയ്ക്കലിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപമിങ്ങനെ

മുവാറ്റുപുഴ അര്‍ബന്‍ ബാങ്കിന്റെ പേഴക്കപ്പിള്ളി ബ്രാഞ്ചില്‍ അജീഷ് എന്ന വ്യക്തിക്ക് ഉണ്ടായിരുന്ന കുടിശ്ശിഖ തുക മുഴുവനും കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ( CITU ) അംഗങ്ങള്‍ ആയ അര്‍ബന്‍ ബാങ്കിലെ ജീവനക്കാര്‍ അടച്ചു തീര്‍ത്തിരിക്കുന്നു.
അഭിനന്ദനങ്ങള്‍
അഭിവാദ്യങ്ങള്‍ പ്രിയപ്പെട്ട
സഖാക്കളെ

മൂവാറ്റുപുഴയില്‍ വീട്ടുടമസ്ഥന്‍ ഇല്ലാതിരുന്ന സമയത്ത് മൂന്ന് പെണ്‍കുട്ടികളെ പുറത്താക്കി ജപ്തി ചെയ്ത വീടിന്റെ ബാധ്യത ഏറ്റെടുക്കാന്‍ തയ്യാറെന്ന് കാണിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ബാങ്കിന് കത്ത് നല്‍കിയിരുന്നു. മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിന് അജേഷ് കൊടുക്കാനുള്ള 175000 രൂപ താന്‍ അടച്ചു കൊള്ളാം എന്ന് അറിയിച്ചുള്ള കത്താണ് കുഴല്‍നാടന്‍ നല്‍കിയത്.ഇതിനിടയിലാണ് ബാങ്ക് ജീവനക്കാര്‍ തന്നെ പണം അടച്ചുതീര്‍ത്തത്.

ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കരുതെന്ന് വ്യക്തമാക്കിയാണ് എംഎല്‍എ മാത്യു കുഴന്‍നാടന്‍ മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിന്‍ കത്ത് നല്‍കിയത്. വായ്പയും കുടിശ്ശികയും ചേര്‍ത്തുള്ള ഒന്നര ലക്ഷത്തോളം രൂപ ഉടന്‍ തിരിച്ചടയ്ക്കാന്‍ തയ്യാറാണ്. ഇതിനുള്ള നടപടികള്‍ ബാങ്ക് വേഗത്തിലാക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. ഇതിനൊപ്പം പട്ടിക ജാതി കുടുംബത്തിലെ മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാതിരിക്കെ 12 വയസില്‍ താഴെയുള്ള മൂന്ന് പെണ്‍കുട്ടികളെ ഇറക്കിവിട്ടതിന് കേസ് നല്‍കാനും ആലോചനയുണ്ട്.

കഴിഞ്ഞ ശനിയാഴ്ചയാണ് ഗുരുതരമായ ഹൃദ്യോഗത്തിന് ഗൃഹനാഥനായ മൂവാറ്റുപുഴ പേഴയ്ക്കാപ്പള്ളി സ്വദേശി അജേഷ് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ജപ്തി നടത്തിയത്. വീട് ഈട് വച്ചെടുത്ത ഒരു ലക്ഷം രൂപ കുടിശ്ശികയായതിനായിരുന്നു നടപടി. അജേഷ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ഡ് ആകുന്നത് വരെ ജപ്തി നീട്ടാന്‍ സമയം ചോദിച്ചെങ്കിലും ബാങ്ക് അനുവദിച്ചില്ല. എന്നാല്‍ കുടുംബത്തിന്റെ അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നായിരുന്നു മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിന്റെ വിശദീകരണം.

ഗൃഹനാഥന്‍ രോഗശയ്യയില്‍ കിടക്കുമ്പോള്‍ കുഞ്ഞുങ്ങളെ പുറത്താക്കി വീട് ജപ്തി ചെയ്യപ്പെട്ട നടപടി കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ചിരുന്നു. ഇനി ഇത്തരമൊരു അവസ്ഥ മറ്റാരും നേരിടരുതെന്നാണ് മൂവാറ്റുപുഴയില്‍ ജപ്തി നടപടി നേരിട്ട അജേഷ് പ്രതികരിച്ചത്.. വിവരമറിഞ്ഞ് ആശുപത്രിക്കിടക്കയില്‍ താന്‍ ഏറെ ബുദ്ധിമുട്ടിയെന്ന് അജേഷ് പറഞ്ഞു. ഹൃദ്രോഗ ചികിത്സയ്ക്കുള്‍പ്പെടെ പണം കണ്ടെത്താനാവാതെ പകച്ചു നില്‍കുകയാണ് അജേഷിന്റെ കുടുംബം.

നാലാമതും ഹൃദയാഘാതം വന്ന ശേഷം ഏറെ അവശത അനുഭവിക്കുന്ന അജേഷ് ചികിത്സക്കിടയിലാണ് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് അധികൃതര്‍ വീട്ടില്‍ ജപ്തി നടപടിക്കെത്തിയ വിവരം അറിയുന്നത്. ഭാര്യ മഞ്ജു വിവരങ്ങള്‍ അപ്പപ്പോള്‍ ധരിപ്പിച്ചു. വീട്ടില്‍ അച്ഛനും അമ്മയും ഇല്ലെന്ന് കുഞ്ഞുങ്ങള്‍ അധികൃതരോട് പറഞ്ഞെന്നും പക്ഷേ ഫലമുണ്ടായില്ലെന്നും അജേഷ് പറഞ്ഞു. തനിക്ക് ഫോണിലൂടെ കാര്യങ്ങള്‍ ചെയ്യാന്‍ പരിമിതി ഉണ്ടായിരുന്നു.

നേരത്തെ തന്നെ ബാങ്ക് സിഇഒ ഉള്‍പ്പെടെയുള്ളവരോട് കാര്യം വ്യക്തമാക്കിയതാണെന്നും അജേഷ് പറഞ്ഞു. നാല് പൊന്നോമനകളാണുള്ളത്. ഇവരുടെ പഠിപ്പിന് പണം കണ്ടെത്തണം. ഹൃദ്രോഗ ചികിത്സയ്ക്കും ചിലവേറെയാണെന്നും വേദനയോടെ അജേഷ് പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ പിഴക്കാപ്പിള്ളിയില്‍ നിര്‍മ്മിച്ചു തുടങ്ങിയ വീട് പാതി വഴിയിലാണ്. ഇത് പൂര്‍ത്തിയാക്കാനും പണം വേണം. രോഗം കാരണം സ്റ്റുഡിയോ നടത്തിപ്പും നിന്നു.

സഹോദരങ്ങള്‍ ഉണ്ടെങ്കിലും ആര്‍ക്കും സഹായിക്കാവുന്ന സാമ്പത്തിക സ്ഥിതിയില്ല. ലോണ്‍ തിരിച്ചടയക്കണമെന്ന് തന്നെയാണ് കരുതുന്നതെന്ന് ആവര്‍ത്തിക്കുന്ന അജേഷ് ഇപ്പോള്‍ ചികിത്സക്കുള്‍പ്പെടെ സുമമനസ്സുകളുടെ സഹായം തേടുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker