തിരുവനന്തപുരം:തനിക്കെതിരായ പരാമർശം പിൻവലിച്ച് മാപ്പുപറഞ്ഞതിനാൽ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനെതിരായ മാനനഷ്ടക്കേസ് അവസാനിപ്പിക്കുന്നതായി ശശി തരൂർ എം.പി. പറഞ്ഞു. തരൂരിനെതിരേ താൻ നടത്തിയ പ്രസ്താവന തെറ്റായിരുന്നുവെന്ന് ബോധ്യപ്പെട്ടതായും തനിക്ക് വീഴ്ചപറ്റിയതായും സമ്മതിച്ച് രവിശങ്കർ പ്രസാദ് നേരത്തേ തരൂരിന് കത്തയച്ചിരുന്നു.
തുടർന്നാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്േട്രറ്റ് കോടതിയിൽ രവിശങ്കർ പ്രസാദിനെതിരേ നൽകിയിരുന്ന മാനനഷ്ടക്കേസ് പിൻവലിക്കാൻ തരൂർ തയ്യാറായത്.
2018-ലാണ് കൊലപാതകക്കേസിലെ പ്രതിയാണ് തരൂർ എന്ന ആരോപണം രവിശങ്കർ പ്രസാദ് നടത്തിയത്. ഇത് പിൻവലിച്ച് മാപ്പുപറയണമെന്നാവശ്യപ്പെട്ട് തരൂർ, രവിശങ്കർ പ്രസാദിന് നോട്ടീസയച്ചിരുന്നു. പരാമർശത്തിൽ അദ്ദേഹം ഉറച്ചുനിന്നതോടെയാണ് തരൂർ കേസുമായി മുന്നോട്ടുപോയത്.