KSEB : കെഎസ്ഇബി വാഹനം സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചു,യൂണിയൻ നേതാവ് എം ജി സുരേഷ് കുമാറിന് 6.72 ലക്ഷം രൂപ പിഴ
തിരുവനന്തപുരം: കെഎസ്ഇബി (KSEB) ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം ജി സുരേഷ് കുമാറിനെതിരെ വീണ്ടും നടപടി. വൈദ്യുതി മന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി ആയിരിക്കെ ഔദ്യോഗിക വാഹനം സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചത്തിനെതിരെയാണ് നടപടി. 48640 കി.മീ. സ്വകാര്യ ആവശ്യത്തിനുപയോഗിച്ചത്തിന് 6,72,560 രൂപ നഷ്ടപരിഹാരം നൽകണം എന്നാണ് നോട്ടീസ്. 10 ദിവസത്തിനകം തൃപ്തികരമായ വിശദീകരണം നൽകിയില്ലെങ്കിൽ 12 ഗഡുക്കളായി ശമ്പളത്തിൽ നിന്ന് പിടിക്കുമെന്നും നോട്ടീസിൽ പറയുന്നുണ്ട്. വൈദുതി ഭവൻ വളയൽ സമരം നടന്ന ദിവസമാണ് നോട്ടീസിറങ്ങിയത്. എന്നാൽ, നോട്ടീസ് കിട്ടിയിട്ടില്ലെന്ന് സുരേഷ് കുമാർ പറയുന്നു. ആക്ഷേപം അസംബന്ധമാണെന്നും സുരേഷ് കുമാർ വിശദീകരിക്കുന്നു.
അതേസമയം, കെഎസ്ഇബിയിലെ അച്ചടക്ക നടപടിയില്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ തീരുമാനമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി ഇന്നലെ അറിയിച്ചു. നിയമപരമായും പ്രതികാര നടപടിയില്ലാതെയും അച്ചടക്ക നടപടി പൂര്‍ത്തിയാക്കും. നടപടിക്രമങ്ങളും കീഴ്വഴ്ക്കങ്ങളും അനുസരിച്ച് തീരുമാനമെടുക്കും. കെഎസ്ഇബി തീരുമാനമെടുത്ത് അറിയിക്കും. ജനങ്ങളിലുള്ള അവമതിപ്പ് ഒഴിവാക്കാന്‍ കൂട്ടായി ശ്രമിക്കണം. കെഎസ്ഇബി തര്‍ക്കത്തില്‍ ചര്‍ച്ച ഫലപ്രദമെന്നും കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. രാവിലെ 11 മണിക്ക് ഓണ്‍ലൈനായാണ് കെഎസ്ഇബിയിലെ ഓഫീസര്‍മാരുടെ എല്ലാ സംഘടനകളുമായും വൈദ്യുതി മന്ത്രി ചര്‍ച്ച നടത്തിയത്.
വൈദ്യുതി ഭവന് മുന്നില്‍ നടത്തിവന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം, ചൊവ്വാഴ്ച അവസാനിപ്പിച്ചിരുന്നു. മെയ് മൂന്ന് മുതല്‍ സംസ്ഥാനത്ത് 2 മേഖലാ ജാഥകള്‍ തുടങ്ങും. മെയ് 16 ന് മുമ്പ് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ചട്ടപ്പടി സമരത്തിലേക്കും, അനിശ്ചിതകാല നിരാഹര സമരത്തിലേക്കും നീങ്ങുമെന്നാണ് ഓഫീസേഴ്സ് അസോസിയേഷന്‍ അറിയിച്ചിരിക്കുന്നത്. അതേസമയം ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിന്‍റെ പേരിൽ അസോസിയേഷൻ പ്രസിഡണ്ട് എം ജി സുരേഷിനെതിരെ വീണ്ടും നടപടിക്കൊരുങ്ങുകയാണ് മാനേജ്മെന്‍റ്. ചെയർമാൻ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ആരോപണം ലേഖനത്തിൽ ആവർത്തിച്ചതാണ് കാരണം. ഈ ആരോപണം ഉന്നയിച്ചതിന്‍റെ അടിസ്ഥാനത്തിൽ കൂടിയായിരുന്നു സുരേഷ്കുമാറിനെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ പിൻവലിച്ചിട്ടും ആരോപണം ആവർത്തിക്കുന്നതിനെ ഗൗരവമായി മാനേജ്മെന്‍റ് കാണുന്നു.
സര്‍വ്വീസ് ചട്ട ലംഘനത്തിന് നടപടിയെടുക്കുമെന്ന ചെയര്‍മാന്‍റെ ഉത്തരവ് തള്ളി, ആയിരത്തളം പേരെ അണിനിരത്തിയാണ് ഓഫീസേഴ്സ് അസോസിയേഷന്‍ കഴിഞ്ഞ ദിവസം വൈദ്യുതി ഭവന്‍ വളഞ്ഞത്. ഓഫീസര്‍മാരുടെ എല്ലാ സംഘടനകളുമായും ചര്‍ച്ച നടത്താമെന്ന് വൈദ്യുതി മന്ത്രി അറിയിച്ചതും അനുകൂല തീരുമാനം ഉടനുണ്ടാകില്ലെന്ന് ഉറപ്പായതുമാണ് സമരം തത്കാലത്തേക്ക് സമരം അവസാനിപ്പിക്കാന്‍ കാരണമായത്. അതേസമയം ഓഫീസേഴ്സ് അസോസിയേഷനെതിരെ കൂടുതല്‍ അച്ചടക്ക നടപടിക്ക് കെഎസ്ഇബി ഒരുങ്ങുകയാണ്. ഏപ്രില്‍ 5 ന് സത്യഗ്രഹ സമരത്തിന്‍റെ ഭാഗമായി ബോര്‍ഡ് യോഗത്തിലേക്ക് തള്ളിയക്കയറിയ 18 പേരെ തിരിച്ചറിഞ്ഞു. വീഡിയോ ദൃശ്യങ്ങളടക്കം പരിശോധിച്ച് ചീഫ് വിജിലന്‍സ് ഓഫീസറാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്. ഇക്കാര്യത്തില്‍ ബോര്‍ഡ് തീരുമാനം ഉടനുണ്ടാകും.