ജിഗ്നേഷ് മേവാനി അറസ്റ്റിൽ:രാത്രിയിൽ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത് അസം പോലീസ്
അഹമ്മദാബാദ് ∙ ഗുജറാത്തിലെ എംഎൽഎയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനിയെ അറസ്റ്റ് ചെയ്ത് അസം പൊലീസ്. ബുധനാഴ്ച രാത്രി 11.30ഓടെ പാലൻപുർ സർക്യൂട്ട് ഹൗസിൽ നിന്നാണ് ജിഗ്നേഷിനെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ ട്രെയിനിൽ ഇന്നു ഗുവാഹത്തിയിലേക്കു കൊണ്ടുപോകും. സ്വതന്ത്ര എംഎൽഎ ആയ ജിഗ്നേഷ് കോൺഗ്രസിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ട്വീറ്റിന്റെ പേരിലാണ് നടപടി. ഗോഡ്‌സെയെ ദൈവമായി കാണുന്ന പ്രധാനമന്ത്രി ഗുജറാത്തിലെ വർഗീയ സംഘർഷങ്ങൾ ഇല്ലാതാക്കി സമാധാനത്തിനും സൗഹാർദത്തിനും അഭ്യർഥിക്കണമെന്നായിരുന്നു ട്വീറ്റ്. അസം സ്വദേശിയായ അനൂപ് കുമാർ ദേ ആണ് പരാതി നൽകിയത്. എഫ്‌ഐആറിന്റെ പകർപ്പ് പൊലീസ് നൽകിയിട്ടില്ലെന്ന് കോൺഗ്രസ് ആരോപിച്ചു. ജിഗ്നേഷിന്റെ വിവാദ ട്വീറ്റുകൾ ട്വിറ്റർ തടഞ്ഞിട്ടുണ്ട്.
പ്രധാനമന്ത്രി വിമർശിക്കുന്ന ട്വീറ്റുമായി ബന്ധപ്പെട്ട് അസമിൽ ലഭിച്ച പരാതിയെത്തുടർന്നാണ് അറസ്റ്റെന്നാണു വിവരം. വ്യക്തമായ വിവരങ്ങൾ ബോധിപ്പിക്കാതെയാണ് അസം പൊലീസ് ജിഗ്നേഷിനെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് പറഞ്ഞു. ജിഗ്നേഷിന്റെ അറസ്റ്റിനെതിരെ കോൺഗ്രസ് നേതാക്കൾ ഇന്നു ന്യൂഡൽഹിയിൽ പ്രതിഷേധിക്കും. ‘ഭരണഘടനയെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക’ എന്ന മുദ്രാവാക്യമുയർത്തിയാകും പ്രതിഷേധം.