തൃശൂര്‍:പൊതുവിപണിയിൽ അരിയുടെ വിലക്കയറ്റം തടയുന്നതിനുള്ള നിർണായക നീക്കവുമായി കേന്ദ്രസർക്കാർ. സബ്സിഡി നിരക്കിൽ ലഭ്യമാകുന്ന ‘ഭാരത് അരി’ വിപണിയിൽ അവതരിപ്പിക്കാനാണ് നീക്കം. ഒരു കിലോ ഭാരത് അരിക്ക് 29 രൂപയാണ് കേന്ദ്ര സർക്കാർ വില നിശ്ചയിച്ചിരിക്കുന്നത്. അഞ്ച് കിലോ, പത്ത് കിലോ പാക്കറ്റുകളിൽ വിപണിയിൽ ലഭ്യമാകും. പദ്ധതിയുടെ ദേശീയതല ഉദ്ഘാടനം കേന്ദ്ര ഭക്ഷ്യ മന്ത്രി പീയൂഷ് ഗോയൽ, ഡൽഹിയിലെ കർത്തവ്യ പഥിൽ നിർവഹിക്കും.
കേരളത്തിലെ വിപണിയിലേക്ക് ഭാരത് അരി അവതരിപ്പിക്കുന്ന ഫ്ലാഗ് ഓഫ് ചടങ്ങ് ഇന്ന് വൈകുന്നേരം നാല് മണിക്ക് തൃശൂരിൽ നടക്കും. അടുത്തയാഴ്ചയോടെ സംസ്ഥാനത്ത് മുഴുവനും ഭാരത് അരി എത്തിക്കാനാണ് ശ്രമമെന്ന് പദ്ധതിയുടെ നിർവഹണ ഏജൻസികളിലൊന്നും സഹകരണ സ്ഥാപനവുമായ നാഷണൽ കോപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (എൻസിസിഎഫ്) കൊച്ചി മേഖല ഓഫീസിൽ നിന്നും അറിയിച്ചു.
തൃശൂരിൽ 10 വാനുകൾ ഭാരത് അരി വിതരണത്തിനായി സജ്ജമായിട്ടുണ്ട്. പദ്ധതിയുടെ ഫ്ലാഗ് ഓഫ് ചടങ്ങുകൾക്കു ശേഷം ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലേക്ക് വാഹനം വഴി അരി എത്തിക്കും. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നേരിട്ടുള്ള ഔട്ട്‍ലെറ്റ് ആരംഭിക്കാനുള്ള ചർച്ചകൾ എൻസിസിഎഫ് നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. അടുത്തയാഴ്ചയോടെ കൂടുതൽ ലോറികളിലും വാനുകളിലും കേരളം മുഴുവൻ ഭാരത് അരി വിതരണത്തിന് തയ്യാറാകും. ഇതിലൂടെ നേരിട്ട് ഭാരത് അരി ജനങ്ങളിലേക്ക് എത്തിക്കാനാണ് എൻസിസിഎഫ് പദ്ധതിയിടുന്നത്.
ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ (എഫ്സിഐ) മുഖേന ലഭ്യമാക്കുന്ന അഞ്ച് ലക്ഷം ടൺ അരിയാണ് ഭാരത് റൈസ് ബ്രാൻഡിലേക്ക് മാറ്റുന്നത്. ഇതിനായി രണ്ട് ദേശീയ സഹകരണ സ്ഥാഫനങ്ങളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. നാഷണൽ അഗ്രികൾച്ചർ കോപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (നാഫെഡ്), നാഷണൽ കോപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എൻസിസിഎഫ്).
മേൽസൂചിപ്പിച്ച ദേശീയ സഹകരണ പ്രസ്ഥാനങ്ങൾക്ക് പുറമെ, കേന്ദ്ര സർക്കാർ ജീവനക്കാരുടെ സഹകരണ സൊസൈറ്റിയുടെ കീഴിലുള്ള റീട്ടെയിൽ ശൃംഖലയായ കേന്ദ്രീയ ഭണ്ഡാർ എന്നിവയുടെ ഔട്ട്‍ലെറ്റ് മുഖേനയും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയും ഭാരത് അരി ആദ്യ ഘട്ടത്തിൽ ദേശീയ തലത്തിൽ ലഭ്യമാക്കും. കേരളത്തിൽ ഇവയോടൊപ്പം വാഹനങ്ങളിലൂടെ നേരിട്ട് ഭാരത് അരി വിതരണം ചെയ്യാനുമാണ് സർക്കാർ ആലോചന.