ന്യൂഡല്‍ഹി: ലോക്‌സഭയിലും നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം പ്രാതിനിധ്യം ഉറപ്പാക്കുന്ന വനിതാ സംവരണ ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിനുശേഷം തിങ്കളാഴ്ച വൈകീട്ട് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ബില്ലിന് അംഗീകാരം നല്‍കിയത്. യോഗതീരുമാനങ്ങള്‍ അറിയിക്കുന്ന പതിവ് വാര്‍ത്താസമ്മേളനം ഇത്തവണ ഇല്ലാത്തതിനാല്‍ ബില്ലുമായി ബന്ധപ്പെട്ട മറ്റുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. നിലവില്‍ നടക്കുന്ന പ്രത്യേക സമ്മേളനത്തില്‍ ബുധനാഴ്ച ബില്‍ അവതരിപ്പിച്ചേക്കും.
പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ചരിത്രപരമായ തീരുമാനങ്ങളുണ്ടാവുമെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയലും പ്രഹ്ലാദ് ജോഷിയും ആഭ്യന്തരമന്ത്രി അമിത് ഷായേയും ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നഡ്ഡയേയും മന്ത്രിസഭായോഗത്തിന് മുമ്പ് സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ യോഗത്തില്‍ ചില നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
വനിതാസംവരണം, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, രാജ്യത്തിന്റെ പേര് ഭാരത് എന്നു മാറ്റല്‍ തുടങ്ങിയ പലവിഷയങ്ങളും മന്ത്രിസഭായോഗം പരിഗണിച്ചേക്കും എന്ന് പ്രചാരണമുണ്ടായിരുന്നു. പാര്‍ലമെന്റ് സമ്മേളനത്തിനുമുമ്പ് വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ വനിതാസംവരണ ബില്ലിനായി പ്രതിപക്ഷം ആവശ്യമുന്നയിച്ചിരുന്നു. ബില്‍ 2010-ല്‍ രാജ്യസഭ പാസാക്കിയിരുന്നു.