കോഴിക്കോട്: ജില്ലയില്‍ നിപ നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ വടകര താലൂക്കിലെ ഒന്‍പത് പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയ കണ്ടെയിന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. മരണപ്പെട്ടവരുടെയും രോഗം പോസിറ്റീവ് ആയവരുടെയും സമ്പര്‍ക്ക പട്ടികയില്‍പ്പെട്ട എല്ലാവരെയും കണ്ടെത്തുകയും
ഇതുവരെ പരിശോധിച്ച സാമ്പിളുകളില്‍ പോസിറ്റീവ് കേസുകള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയുമുണ്ടായ പശ്ചാത്തലത്തിലാണ് കണ്ടെയിന്‍മെന്റ് സോണുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുത്തിയത്.നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ വരുത്താമെന്ന് ആരോഗ്യ വിദഗ്ധ സമിതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,12,13,14,15 വാര്‍ഡുകള്‍, മരുതോങ്കര ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,12,13,14 വാര്‍ഡുകള്‍, തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ 1,2,7,8,9,20 വാര്‍ഡുകള്‍, കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ 3,4,5,6,7,8,9,10 വാര്‍ഡുകള്‍, കായക്കൊടി ഗ്രാമപഞ്ചായത്തിലെ 5,6,7,8,9,10,11,12,13 വാര്‍ഡുകള്‍, കാവിലും പാറ ഗ്രാമപഞ്ചായത്തിലെ 2,10,11,12,13,14,15,16 വാര്‍ഡുകള്‍, വില്യാപ്പള്ളി 3,4,5,6,7 വാര്‍ഡുകള്‍, പുറമേരിയിലെ 13ാം വാര്‍ഡും നാലാം വാര്‍ഡിലെ തണ്ണിര്‍പ്പന്തല്‍ ടൗണ്‍ ഉള്‍പ്പെട്ട പ്രദേശം, ചങ്ങരോത്ത് പഞ്ചായത്തിലെ 1,2,19 വാര്‍ഡുകള്‍ എന്നിവിടങ്ങളിലെ കണ്ടെയിന്‍മെന്റ് സോണുകള്‍ക്കാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്.
ഉത്തരവ് പ്രകാരം കണ്ടെയിന്‍മെന്റ് സോണിലെ എല്ലാ കടകമ്പോളങ്ങളും രാത്രി 8 മണി വരെ നിപ പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. കണ്ടെയിന്‍മെന്റ് സോണിലെ എല്ലാ ബാങ്കുകളും ഉച്ചയ്ക്ക് 2 മണി വരെ നിപാ പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്. മാസ്‌ക്,സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതും ആളുകള്‍ കൂട്ടം കൂടുന്നത് നിയന്ത്രിക്കേണ്ടതുമാണ്.
മറ്റ് നിയന്ത്രണങ്ങള്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ തുടരും അതേസമയം സമ്പര്‍ക്ക പട്ടികയില്‍ പെട്ടിരിക്കുന്ന ആളുകളും നിരീക്ഷണത്തിലുള്ള ആളുകളും കര്‍ശനമായ നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്ന കാലയളവ് വരെ ക്വാറന്റൈനില്‍ കഴിയേണ്ടതുമാണ്.