ന്യൂഡൽഹി : 2021-22 സാമ്പത്തിക വർഷത്തെ ബജറ്റ് തിങ്കളാഴ്ച അവതരിപ്പിക്കും. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ നടത്തുന്ന പ്രഖ്യാപനങ്ങളെ പ്രതീക്ഷയോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്.
കൊറോണ വ്യാപനത്തിന്റെ സാമ്പത്തിക ആഘാതത്തിൽ നിന്നും കരകയറുന്നതിനുള്ള മാർഗ്ഗങ്ങൾ ബജറ്റിലുണ്ടാകുമെന്ന സൂചന ധനമന്ത്രാലയം നേരത്തെ നൽകിയിരുന്നു. ഇന്ത്യൻ സമ്പദ് വ്യവസ്ഥ കുതിച്ചുയരുമെന്ന അന്താരാഷ്ട്ര നാണ്യനിധിയുടെ പ്രവചനം ജനങ്ങളുടെ ആത്മവിശ്വാസത്തിന് ആക്കം കൂട്ടുന്നുണ്ട്.
നിലവിലെ പ്രതിസന്ധി തരണം ചെയ്യാൻ കേവലം ഒരു മേഖലയിൽ മാത്രം കരുതൽ നൽകിയാൽ പോരെന്നാണ് കേന്ദ്രസർക്കാർ വിലയിരുത്തൽ. എല്ലാ ബജറ്റിലും രാജ്യത്തെ കാർഷിക രംഗത്തിന് പ്രത്യേക പരിഗണന നൽകുന്ന കേന്ദ്ര സർക്കാർ, ഇക്കുറി ഇതേ പരിഗണന എല്ലാ മേഖലകൾക്കും നൽകുമെന്നാണ് കണക്കാക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തിൽ അവതരിപ്പിച്ച പ്രത്യേക സാമ്പത്തിക പാക്കേജിൽ എല്ലാ മേഖലകളെയും ഉൾപ്പെടുത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് വരാനിരിക്കുന്ന പ്രഖ്യാപനങ്ങളെ കാണേണ്ടതെന്നാണ് പ്രധാനമന്ത്രിയും വ്യക്തമാക്കുന്നത്.
കൊറോണയുടെ പശ്ചാത്തലത്തിൽ ഇക്കുറി പൊതുജനാരോഗ്യ മേഖലയിൽ സർക്കാർ പ്രത്യേകം ശ്രദ്ധ ചെലുത്തുമെന്നാണ് കരുതുന്നത്. പൊതുജനാരോഗ്യത്തിനായി കൂടുതൽ തുക നീക്കിവെയ്ക്കുമെന്നാണ് വിലയിരുത്തൽ.
കൂടുതൽ തൊഴിൽ സാദ്ധ്യതകൾ സൃഷ്ടിക്കുന്നതിനുള്ള പ്രഖ്യാപനങ്ങളും, ഗ്രാമീണ വികസനത്തിനായുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിനും പ്രതിരോധ മേഖലയ്ക്കും ഇക്കുറി പ്രത്യേക പരിഗണന ലഭിക്കും. സാധാരണക്കാരുടെ സാമ്പത്തിക ബാദ്ധ്യത കുറയ്ക്കാൻ നികുതി ഇളവുകളും പ്രതീക്ഷിക്കുന്നുണ്ട്.