ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനമായ എല്‍ഐസിയുടെ സ്വകാര്യ വല്‍ക്കരണം ഉടന്‍ ഉണ്ടാകുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു. എയര്‍ഇന്ത്യക്ക് പിന്നാലെയാണ് എല്‍ഐസിയും സ്വകാര്യ വല്‍ക്കരിക്കാനുള്ള നീക്കം നടക്കുന്നത്. ബജറ്റില്‍ നാലു കാര്യങ്ങള്‍ക്കാണ് പ്രധാനമായും ഊന്നല്‍ നല്‍കിയിരിക്കുന്നത്. പിഎം ഗതിശക്തി പദ്ധതി, എല്ലാവരുടെയും വികസനം, ഉല്‍പാദന വികസനം, നിക്ഷേപ പ്രോത്സാഹനം എന്നിങ്ങനെയാണ് പദ്ധതികളെ തിരിച്ചിരിക്കുന്നത്.
അടുത്ത 25 വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടുകൊണ്ടുള്ള വികസന പദ്ധതികളുടെ ബ്ലൂ പ്രിന്റാണ് ഇപ്പോള്‍ തയ്യാറായിരിക്കുന്ന ബജറ്റെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. 60 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം. 14 മേഖലകളിലെ പദ്ധതികളിലൂടെയായിരിക്കും 60 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക. ഇത് 30 ലക്ഷം കോടിയുടെ അധിക ഉത്പാദനത്തിന് വഴിയൊരുക്കും. നാല് സ്ഥലങ്ങളില്‍ ലോജിസ്റ്റിക് പാര്‍ക്കുകള്‍ നിര്‍മിക്കും.
തൊഴിലുറപ്പിന് കൂടുതല്‍ തുക നല്‍കും. ഇതിനായി തുക വകയിരുത്തും. ഗതാഗത വികസനത്തിന് സുപ്രധാന പരിഗണന നല്‍കും. 25,000 കിലോമീറ്റര്‍ ലോകനിലവാരമുള്ള പാതകള്‍ ലക്ഷ്യം. മൂന്ന് വര്‍ഷത്തിനുള്ളില്‍ 400 വന്ദേഭാരത് ട്രെയിനുകള്‍ പുറത്തിറക്കുമെന്നും ധനമന്ത്രി അറിയിച്ചു.