ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ കേരളത്തിന് ഇത്തവണയും നിരാശ. അതിവേഗ റെയിൽപാത, എയിംസ് തുടങ്ങി കേരളം പ്രതീക്ഷിച്ച പദ്ധതികളൊന്നും ബജറ്റിൽ പ്രഖ്യാപിച്ചില്ല.
അതേസമയം കേരളത്തെ അടക്കം ഉൾപ്പെടുത്തി അപൂർവ ധാതു ഇടനാഴി പ്രഖ്യാപിച്ചിട്ടുണ്ട്. കടൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കേരളത്തിലും കർണാടകത്തിലും കടലാമകൾക്കായി പ്രത്യേക പരിചരണ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു.
നാളികേര ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന പ്രഖ്യാപനം കേരളത്തിന് ഗുണം ചെയ്‌തേക്കും. 2030 ഓടെ കശുവണ്ടി, കൊക്കോ എന്നിവയുടെ പ്രീമിയം ഉത്പന്നങ്ങളുടെ ആഗോള കേന്ദ്രമായി രാജ്യം മാറുമെന്ന പ്രഖ്യാപനവും കേരളത്തിന് പ്രതീക്ഷ നൽകുന്നതാണ്. മൂന്ന് പുതിയ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടുകൾ ആരംഭിക്കുമെന്ന് ധനമന്ത്രി അറിയിച്ചിട്ടുണ്ട്. ഇതിലൊന്ന് കേരളത്തിൽ വന്നേക്കാം. കോവിഡ് മഹാമാരിക്ക് ശേഷം ആയുർവേദം ആഗോളതലത്തിൽ സ്വീകാര്യതയും അംഗീകാരവും നേടിയെന്ന് നിർമല പറഞ്ഞു.
എന്നാൽ പ്രതീക്ഷയോടെ കാത്തിരുന്ന എയിംസ് ഇത്തവണയും പ്രഖ്യാപിച്ചില്ല. കേന്ദ്ര മന്ത്രി സുരേഷ് ഗോപി എയിംസ് കേരളത്തിൽ വരുമെന്ന് ഉറപ്പ് നൽകിയിരുന്നു. സംസ്ഥാനത്തിന്റെ മറ്റൊരു സ്വപ്‌ന പദ്ധതിയായ അതിവേഗ റെയിൽപാതയ്ക്കും പച്ചക്കൊടി വീശിയില്ല. എന്നാൽ ചെന്നൈ, ബെംഗളൂരു നഗരങ്ങളെ ഉൾപ്പെടുത്തി അതിവേഗ റെയിൽപാത ഇടനാഴി കേന്ദ്ര പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. മുംബൈ-പുണെ, ഹൈദരാബാദ്- പുണെ, ഹൈദരാബാദ്-ബെംഗളൂരു, ഹൈദരാബാദ്- ചെന്നൈ, ചെന്നൈ-ബെംഗളൂരു, ഡൽഹി-വാരണാസി, വാരണാസി-സിലിഗുരി എന്നീ ഏഴ് ഇടനാഴികളാണ് ധനമന്ത്രി പ്രഖ്യാപിച്ചത്.
കേന്ദ്രറെയിൽവേ മന്ത്രി കേരളത്തിലെ അതിവേഗ റെയിൽപാതയ്ക്ക് ഡിപിആർ തയ്യാറാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രം ഇത് ഉടൻ പ്രഖ്യാപിക്കുമെന്നും നേരത്തെ ഇ.ശ്രീധരൻ പറഞ്ഞിരുന്നു.
Union Finance Minister Nirmala Sitharaman presented the third budget of the third Modi government today, leaving Kerala in a state of disappointment once again. Despite high expectations for significant infrastructure boosts, the state’s long-standing demands for an AIIMS (All India Institute of Medical Sciences) and the proposed High-Speed Rail project found no mention or financial allocation in the budget speech.


