മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ അടുത്ത ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സ് വിടാന്‍ സാധ്യത. 36 വയസ്സുകാരനായ രോഹിത് ശര്‍മയെ 2024 സീസണു മുന്‍പു തന്നെ മുംൈബ ഇന്ത്യന്‍സ് മാനേജ്‌മെന്റ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.
പുതിയതായി ചുമതലയേറ്റ ഹാര്‍ദിക് പാണ്ഡ്യയുടെ തീരുമാനങ്ങളില്‍ രോഹിത് ശര്‍മ ഒട്ടും തൃപ്തനല്ലെന്നാണു പുറത്തുവരുന്ന വിവരം. ഈ സാഹചര്യത്തില്‍ ക്ലബ്ബ് വിടാനാണു താരത്തിന്റെ തീരുമാനം. പാണ്ഡ്യയ്ക്കു കീഴില്‍ കളിച്ച മൂന്നു മത്സരങ്ങളും മുംബൈ ഇന്ത്യന്‍സ് തോറ്റിരുന്നു.
2011 മുതല്‍ മുംബൈയില്‍ കളിക്കുന്ന രോഹിത്, ക്ലബ്ബിനായി കൂടുതല്‍ മത്സരങ്ങള്‍ക്ക് ഇറങ്ങിയിട്ടുള്ള താരം കൂടിയാണ്. ക്യാപ്റ്റനായ ശേഷം ഹാര്‍ദിക് പാണ്ഡ്യ എടുത്ത തീരുമാനങ്ങളില്‍ പലതിലും സീനിയര്‍ താരമായ രോഹിത് ശര്‍മയ്ക്ക് എതിരഭിപ്രായമുണ്ടായിരുന്നു. സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ അതു പ്രകടമായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ കളിക്കിടെ പാണ്ഡ്യയും രോഹിത് ശര്‍മയും പലവട്ടം ഗ്രൗണ്ടില്‍വച്ച് തര്‍ക്കിച്ചിരുന്നു.
പാണ്ഡ്യ രോഹിത് ശര്‍മയെ ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യിച്ചതും വന്‍ വാര്‍ത്തയായിരുന്നു. അതേസമയം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്കു മാറാന്‍ രോഹിത് ശ്രമിക്കുന്നതായി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. 2024 സീസണില്‍ ഇതുവരെ എല്ലാ കളികളും ജയിച്ച കൊല്‍ക്കത്ത, ടേബിളില്‍ ഒന്നാം സ്ഥാനത്താണ്. ശ്രേയസ് അയ്യരാണു ടീം ക്യാപ്റ്റന്‍. സീസണ്‍ തുടങ്ങുന്നതിനു മുന്‍പ് രോഹിത് ശര്‍മയെ ഡല്‍ഹി ക്യാപിറ്റല്‍സിനു വില്‍ക്കാന്‍ മുംബൈ ശ്രമിച്ചിരുന്നു.
രോഹിത്തിനെ ഡല്‍ഹിക്കു കൈമാറി പകരം ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറെ ടീമിലെത്തിക്കാനായിരുന്നു ശ്രമം. എന്നാല്‍ രോഹിത് ശര്‍മയുടെ ആരാധക പിന്തുണ കൂടി കണക്കിലെടുത്ത് മുംബൈ ഈ തീരുമാനത്തില്‍നിന്നു പിന്‍മാറി. ഹാര്‍ദിക് പാണ്ഡ്യയ്ക്കു ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയതില്‍ മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ കടുത്ത രോഷത്തിലാണ്. ഹോം ഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലടക്കം ആരാധകര്‍ പാണ്ഡ്യയ്‌ക്കെതിരെ കൂകിവിളിച്ചു.