ഇസ്‌ലാമാബാദ്: പാകിസ്താൻ പൊതുതിരഞ്ഞെടുപ്പിൽ, ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ നയിക്കുന്ന പാകിസ്താൻ തെഹ്‌രികെ ഇൻസാഫ് (പി.ടി.ഐ.) പാർട്ടിയുടെ അപ്രതീക്ഷിത മുന്നേറ്റം രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥയെ കൂടുതൽ സങ്കീർണമാക്കി.
വെള്ളിയാഴ്ച ഒടുവിൽ വിവരം കിട്ടുമ്പോൾ, ഫലം പ്രഖ്യാപിച്ച 201 സീറ്റിൽ ഇമ്രാന്റെ പി.ടി.െഎ. പിന്തുണയ്ക്കുന്ന സ്വതന്ത്രർ 86 സീറ്റിൽ ജയിച്ചിട്ടുണ്ട്. മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ് നേതൃത്വം നൽകുന്ന പി.എം.എൽ.-എൻ. 59-ലും മുൻപ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മകനും മുൻ വിദേശകാര്യമന്ത്രിയുമായ ബിലാവൽ ഭൂട്ടോയുടെ പാകിസ്താൻ പീപ്പിൾസ് പാർട്ടി (പി.പി.പി.) 44 സീറ്റിലും ജയിച്ചു.നാഷണൽ അസംബ്ലിയിലെ 265 സീറ്റുകളിലേക്കാണ് വ്യാഴാഴ്ച തിരഞ്ഞെടുപ്പു നടന്നത്. 133 സീറ്റുനേടിയാൽ സർക്കാരുണ്ടാക്കാം.
വോട്ടെണ്ണുന്നതിലും ഫലം പുറത്തുവിടുന്നതിലും അസാധാരണമായ കാലതാമസവും ആശയക്കുഴപ്പവുമുണ്ടായതോടെ പല കോണുകളിൽനിന്ന് പരാതി ഉയർന്നു. 150-ലേറെ സീറ്റുകളിൽ തങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ടെന്ന് പി.ടി.െഎ. അവകാശപ്പെട്ടു. ജയം അട്ടിമറിക്കാൻ നീക്കം നടക്കുകയാണ്.
ഫലം പുറത്തുവിടുന്നതിൽ അസാധാരണമായ കാലതാമസം വരുത്തുന്നതും മൊബൈൽഫോൺ സേവനങ്ങൾ നിർത്തിവെച്ചതും അതിന്റെ ഭാഗമാണ്-അവർകുറ്റപ്പെടുത്തി. പാക് ചരിത്രത്തിലെ ഏറ്റവും വിശ്വാസയോഗ്യമല്ലാത്ത തിരഞ്ഞെടുപ്പുകളിലൊന്നാണിതെന്ന് രാഷ്ട്രീയനിരീക്ഷകരും പറയുന്നു. വോട്ടെണ്ണൽ വെള്ളിയാഴ്ച രാത്രിയും തുടരുകയാണ്.
നവാസ് ഷരീഫിന്റെയോ ബിലാവലിന്റെയോ പാർട്ടികളുമായി സഖ്യമുണ്ടാക്കില്ലെന്നും സർക്കാരുണ്ടാക്കാൻ തനിച്ച് ഭൂരിപക്ഷം ലഭിക്കുമെന്നും പി.ടി.ഐ. പ്രതികരിച്ചു. അതിനിടെ നവാസ് ഷരീഫും വിജയം അവകാശപ്പെട്ടു. സ്വതന്ത്രരുമായി ചേർന്ന് കൂട്ടുകക്ഷി സർക്കാരുണ്ടാക്കുമെന്നാണ് നവാസിന്റെ പ്രതികരണം.
സ്ഥാനാർഥികളോട് ഫലമറിയുംവരെ വോട്ടെണ്ണൽകേന്ദ്രങ്ങളിൽനിന്ന് മടങ്ങരുതെന്ന് ഇമ്രാൻഖാൻ ജയിലിൽനിന്ന് അഭ്യർഥിച്ചു. മുൻ ക്രിക്കറ്റ് ക്യാപ്റ്റനായ അദ്ദേഹത്തെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് വിലക്കിയിരുന്നു. പാർട്ടിയുടെ ചിഹ്നമായ ‘ബാറ്റ്’ തിരഞ്ഞെടുപ്പുകമ്മിഷന്‍ മരവിപ്പിച്ചതിനാൽ പി.ടി.െഎ. സ്ഥാനാർഥികൾ സ്വതന്ത്രരായാണ് മത്സരിച്ചത്. പട്ടാളത്തിന്റെ പിന്തുണയുള്ള നവാസ് വിഭാഗം അധികാരം പിടിക്കുമെന്ന് കരുതിയിരിക്കേ, പി.ടി.െഎ.യുടെ മുന്നേറ്റം രാഷ്ട്രീയകേന്ദ്രങ്ങളിൽ വലിയ അമ്പരപ്പുളവാക്കി.
പി.എം.എൽ.-എൻ. പാർട്ടിയിൽനിന്ന് ജയിച്ചവരിൽ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ്, സഹോദരനും മുൻ പ്രധാനമന്ത്രിയുമായ ഷഹബാസ് ഷരീഫ്, നവാസ് ഷരീഫിന്റെ മകൾ മറിയം തുടങ്ങിയവരുണ്ട്. പി.ടി.െഎ.യുടെ ഡോ. യാസ്‌മിൻ റഷീദിനെതിരേ നവാസ് ഷരീഫ് 55,000-ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം നേടി.കനത്ത ഏറ്റുമുട്ടലുകൾക്കും ആക്രമണങ്ങൾക്കുമിടയിലാണ് തിരഞ്ഞെടുപ്പ് നടന്നത്. നാലു പ്രവിശ്യാനിയമസഭകളിലെ 593 സീറ്റിലേക്കും ഇതിനൊപ്പം തിരഞ്ഞെടുപ്പ് നടന്നു. ഔദ്യോഗിക ഫലപ്രഖ്യാപനം രണ്ടാഴ്ചയ്ക്കുശേഷമായിരിക്കും.
പി.ടി.ഐ., പി.പി.പി., പി.എം.എൽ.-എൻ. എന്നീ പാര്‍ട്ടികൾ തമ്മിലാണ് പ്രധാനമത്സരമെങ്കിലും മറ്റു ചെറുകക്ഷികളും മത്സരരംഗത്തുണ്ട്.പി.ടി.െഎ. നേതാക്കളായ ഗോഹർ അലി ഖാൻ, ആസാദ് ഖൈസർ തുടങ്ങിയവർ ജയിച്ചു. പി.പി.പി. നേതാവും അന്തരിച്ച മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ ഭർത്താവുമായ ആസിഫ് അലി സർദാരി, മകനും പാർട്ടി തലവനുമായ ബിലാവൽ ഭൂട്ടോ തുടങ്ങിയവരും ജയിച്ചവരിൽപ്പെടുന്നു. പ്രവിശ്യാനിയമസഭയിലും പി.ടി.െഎ.യും പി.പി.പി.യും നേട്ടമുണ്ടാക്കി.