ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സഹകരണത്തിനെതിരെ എതിര്‍പ്പ് ശക്തമാക്കി സിപിഎം കേന്ദ്രക്കമ്മിറ്റിയില്‍ കേരള ഘടകം. ബിജെപിക്കെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കാനുള്ള ശേഷി കോണ്‍ഗ്രസിനില്ല. ഭരണമുള്ള സംസ്ഥാനങ്ങളില്‍ പോലും കോണ്‍ഗ്രസ് തകരുന്നു. വര്‍ഗീയതക്കെതിരായ നിലപാടില്‍ കോണ്‍ഗ്രസിന് ആത്മാര്‍ത്ഥതയില്ല. കോണ്‍ഗ്രസിന്റെ ലക്ഷ്യം അധികാരം മാത്രമാണ്.
കോണ്‍ഗ്രസ് സഹകരണം സിപിഎമ്മിന് തിരിച്ചടിയാകും. വര്‍ഗീയതക്ക് വഴങ്ങിയ നിലപാടാണ് കോണ്‍ഗ്രസിന്റേത്. കോണ്‍ഗ്രസ് നാള്‍ക്കുനാള്‍ ശോഷിച്ചു വരികയാണ്. കോണ്‍ഗ്രസിന്റെ സാമ്പത്തിക നയങ്ങളുടെ തുടര്‍ച്ചയാണ് ബിജെപിയുടേത്. കോണ്‍ഗ്രസിനെ പ്രതിപക്ഷ ഐക്യത്തിന്റെ മുന്നില്‍ നിര്‍ത്തുന്നത് തിരിച്ചടിയാകുമെന്നും കേരള നേതാക്കള്‍ ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് സഹകരണത്തില്‍ ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസിലെ അടവുനയം മാറ്റണമെന്നും കേരള നേതാക്കള്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയപ്രമേയം തയ്യാറാക്കാനുള്ള ചര്‍ച്ചയിലാണ് കേരള നേതാക്കള്‍ കോണ്‍ഗ്രസ് സഹകരണത്തെ എതിര്‍ത്തത്. ബിജെപിക്ക് ബദലായി കോണ്‍ഗ്രസിനെ ഉയര്‍ത്തിക്കാട്ടാനാകില്ലെന്ന് പിണറായി വിജയന്‍ ഇന്നലെ കേന്ദ്രക്കമ്മിറ്റിയില്‍ പറഞ്ഞിരുന്നു.
ബിജെപി വിരുദ്ധ ചേരിയുടെ നേതൃസ്ഥാനത്ത് കോണ്‍ഗ്രസിനെ പ്രതിഷ്ഠിക്കാനാവില്ല. പലപ്പോഴും മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്ന കോണ്‍ഗ്രസിനെ ബിജെപി വിരുദ്ധ ചേരിയില്‍ കക്ഷിയായി ചേര്‍ക്കാനാവില്ലെന്നും പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ആന്ധ്രപ്രദേശ്, തെലങ്കാന, ഡല്‍ഹി സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കളും കോണ്‍ഗ്രസ് സഹകരണത്തില്‍ കേരള ഘടകത്തെ പിന്തുണയ്ക്കുന്നുണ്ട്.
അതേസമയം ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച പാര്‍ലമെന്ററി അടവുനയത്തില്‍ പുനരാലോചന നടത്തേണ്ട രാഷ്ട്രീയ സാഹചര്യമില്ലെന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടത്. ബിജെപിക്കെതിരെ വിശാല മതേതര-ജനാധിപത്യ ചേരി എന്നാണ് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച അടവുനയം. 2019 ലോക്സഭ തെരഞ്ഞെടുപ്പോടെ ബിജെപി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കൂടുതല്‍ ശക്തരായി.
ഈ രാഷ്ട്രീയ യാഥാര്‍ത്ഥ്യം കാണാതിരുന്നുകൂടാ. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിന്റെ കാലത്തേക്കാള്‍ അപകടകരമായ സ്ഥിതിവിശേഷത്തിലാണ് രാജ്യം. ഈ സാഹചര്യത്തില്‍ പാര്‍ലമെന്ററി അടവുനയത്തില്‍ പുനഃപരിശോധനയല്ല വേണ്ടതെന്നും യെച്ചൂരി പറഞ്ഞു. ബിജെപിയെ ചെറുത്തുതോല്‍പ്പിക്കാനുള്ള കൂടുതല്‍ കരുത്തുറ്റ ഐക്യനിരയാണ് രാജ്യത്ത് പ്രധാനമെന്ന് തമിഴ്നാട്, മഹാരാഷ്ട്ര, ബിഹാര്‍, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കള്‍ നിലപാട് സ്വീകരിച്ചു.