കൊച്ചി: കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിനായി ഏർപ്പെടുത്തിയിരുന്ന ടിക്കറ്റ് നിരക്കിളവ് പിൻവലിച്ച് കൊച്ചി മെട്രോ. രാവിലെ ആറുമണി മുതൽ രാത്രി പത്തുമണി മുതൽ 10.30വരെയും നൽകിയിരുന്ന 50 ശതമാനം നിരക്ക് ഇളവാണ് പിൻവലിച്ചത്. വർഷങ്ങൾക്ക് മുൻപ് നൽകിയ ഇളവാണ് ഇപ്പോൾ പിൻവലിച്ചത്.
കൊച്ചി മെട്രോയിലേക്ക് കൂടുതാൽ യാത്രക്കാരെ ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനുമായിട്ടാണ് അമ്പത് ശതമാനം നിരക്ക് ഇളവ് നൽകാൻ കൊച്ചി മെട്രോ തീരുമാനിച്ചത്. ടിക്കറ്റ് നിരക്കിൻ്റെ പകുതി കുറച്ചുനൽകിയിട്ടും യാത്രക്കാരെ ആകർഷിക്കാൻ കഴിയാതെ വന്നതോടെയാണ് തീരുമാനം പിൻവലിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്.
വരുമാന വർധനവ് ലക്ഷ്യമിട്ട് കൂടിയാണ് ടിക്കറ്റ് നിരക്കിളവ് പിൻവലിക്കാനുള്ള തീരുമാനമുണ്ടായത്. ടിക്കറ്റ് നിരക്കിൽ ഗണ്യമായ ഇളവ് നൽകിയിട്ടും യാത്രക്കാരുടെ എണ്ണത്തില്‍ പ്രതിഫലിക്കുന്നില്ലെന്ന നിലപാടിലാണ് കെഎംആര്‍എൽ.
യാത്രക്കാരെ ലക്ഷ്യമിട്ട് കൊച്ചി മെട്രോ നിരവധി ഇളവുകൾ യാത്രക്കാർക്കായി നൽകിയിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിൽ യാത്രക്കാരുടെ ഉയർന്ന എണ്ണം കണക്കിലെടുത്ത് സർവീസുകൾ ക്രമീകരിച്ചിരുന്നു.
കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് ആറാം തീയതി നാടിന് സമർപ്പിച്ചിരുന്നു. ആലുവ മുതൽ തൃപ്പൂണിത്തുറ ടെർമിനൽവരെ 75 രൂപയാണ് അംഗീകൃത ടിക്കറ്റ് നിരക്ക്. രാജനഗരിയിലേക്ക് കൊച്ചി മെട്രോ എത്തിയതോടെ കൂടുതൽ യാത്രക്കാരെ ആകർഷിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കൊച്ചി മെട്രോ.