തിരുവനന്തപുരം: ഗതാഗത മന്ത്രിയായി കെബി ഗണേഷ് കുമാർ ചുമതലയേറ്റെടുത്ത ശേഷം കെഎസ്ആർടിസിയിൽ നടപ്പാക്കിയ മറ്റൊരു തീരുമാനവും വിജയത്തിൽ. കെഎസ്ആർടിസിയുടെ ചുമതല ഏറ്റെടുത്തശേഷം നടപ്പിലാക്കിയ റൂട്ട് റാഷണലൈസേഷൻ വിജയമായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
റൂട്ട് റാഷണലൈസേഷനിലൂടെ ഒരു ദിവസം 52,456 ഡെഡ് കിലോമീറ്റേഴ്സ് ഒഴിവാക്കി 13,101 ലിറ്റർ ഡീസൽ ഉപഭോഗം കുറയ്ക്കുന്നതുവഴി 12,51,392 രൂപ ഡീസൽ തുകയിനത്തിൽ ലാഭിച്ചു. 2,09,825 രൂപ മെയിൻ്റനൻസ് തുകയിനത്തിൽ ലാഭിക്കുകയും ചെയ്തു.
കിലോമീറ്ററിന് നാലു രൂപ സ്പെയർപാർട്സ് കോസ്റ്റിന്റെ ഉൾപ്പെടെ ഒരു ദിവസത്തെ ലാഭം 14,61,217 രൂപയാണ്.
ഇത്തരത്തിൽ കെഎസ്ആർടിസിയുടെ ഓർഡിനറി സർവീസുകളിൽ റൂട്ട് റാഷണലൈസേഷൻ നടപ്പിലാക്കിയതിലൂടെ ഒരു മാസം ലഭിക്കാൻ കഴിയുന്നത് 4,38,36,500 രൂപയാണ്.
ഒരു ബസ് മാത്രം ഓപ്പറേറ്റ് ചെയ്യുന്ന റൂട്ടുകളും മലയോര/ ആദിവാസി/ തോട്ടംതൊഴിലാളി/ തീരദേശ/ കോളനി മേഖലകളിലേക്കും ഉള്ള സർവീസുകൾ നിലനിർത്തി മറ്റുള്ള സർവീസുകളിലെ ഡെഡ് കിലോമീറ്റേഴ്സ് ഒഴിവാക്കി റൂട്ട് റാഷണലൈസേഷൻ നടപ്പിലാക്കുന്നതിന് ഗതാഗത വകുപ്പ് മന്ത്രി നിർദേശം നൽകുകയായിരുന്നു.
14 ദിവസത്തിനുള്ളിൽ കേരളത്തിലെ എല്ലാ യൂണിറ്റുകളിലും കെഎസ്ആർടിസി ചെയർമാൻ ഡയറക്ടറും എക്സിക്യൂട്ടീവ് ഡയറക്ടർ ഓപ്പറേഷൻസും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരും ചേർന്ന് റൂട്ട് റാഷണലൈസേഷൻ മിന്നൽ വേഗത്തിൽ നടപ്പിലാക്കുകയും ഇതുവഴി ലാഭം നേടുകയുമായിരുന്നു.
അനാവശ്യ ചെലവുകളും വരുമാന ചോർച്ചയും തടയുക എന്നതാണ് കോടികൾ വരുമാനമുള്ള കെഎസ്ആർടിസി എന്ന മഹാ പ്രസ്ഥാനത്തിൻ്റെ നിലനിൽപ്പിന് പ്രഥമ പരിഗണന നൽകേണ്ടത് എന്ന തിരിച്ചറിവാണ് ഓരോ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ഉണ്ടാകേണ്ടതെന്ന് അധികൃതർ പറഞ്ഞു. അതിലേക്കുള്ള മഹത്തായ സന്ദേശമാണ് റൂട്ട് റാഷണലൈസേഷനിലൂടെ നമുക്കേവർക്കും ബോധ്യപ്പെടുന്നത്.
ഓർഡിനറി സർവീസുകളിൽ നടപ്പിലാക്കി വൻവിജയമായ ഈ പദ്ധതി സൂപ്പർഫാസ്റ്റ് മുതൽ മുകളിലോട്ടുള്ള ദീർഘദൂര സർവീസുകളിൽക്കൂടി സമയബന്ധിതമായി തന്നെ പ്രാവർത്തികമാക്കുന്നതായിരിക്കും. അതിലൂടെ കെഎസ്ആർടിസിയുടെ വരുമാനത്തിന്റെ നട്ടെല്ലായ സർവീസ് ഓപ്പറേഷനിലെ ഭീമമായ നഷ്ടം ഒഴിവാക്കുവാനായി നമുക്ക് സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഇത്തരത്തിൽ കെഎസ്ആർടിസി ഇന്നത്തെ സാഹചര്യത്തിൽ ഡിമാൻഡ് ചെയ്യുന്ന ഫലപ്രദമായ പരിഷ്കരണ ആശയങ്ങൾ അതിവേഗം നടപ്പിലാക്കുന്നതിനുള്ള കൂട്ടായ പരിശ്രമങ്ങൾ തുടരുമെന്ന് കെഎസ്ആർടിസി അറിയിച്ചു.