കൊച്ചി: നടന്‍ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് സത്യാഗ്രഹ സമരം. നടന്‍ രവീന്ദ്രന്റെ നേതൃത്വത്തിലാണ് സത്യാഗ്രഹ സമരം നടത്തുന്നത്. മുന്‍ തൃക്കാക്കര എം എല്‍ എ പി ടി തോമസിന്റെ ഭാര്യ ഉമ തോമസും രവീന്ദ്രന്റെ സത്യഗ്രഹ വേദിയിലുണ്ട്. പി ടി തോമസ് ഉണ്ടായിരുന്നു എങ്കില്‍ നടിക്കൊപ്പം ഉറച്ച് നിന്നേനെ എന്ന് ഉമ തോമസ് പറഞ്ഞു. സംഭവ ദിവസം പി ടി തോമസ് അനുഭവിച്ച സമ്മര്‍ദ്ദം നേരിട്ട് കണ്ടിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കേസ് അന്വേഷണം പുരോഗമിക്കവെ പൊലീസ് തലപ്പത്ത് ഉണ്ടായ മാറ്റം പ്രതികളെ രക്ഷപ്പെടുത്താനുള്ള കുതന്ത്രമാണ് എന്നും ഉമ തോമസ് പറഞ്ഞു. എറണാകുളം ഗാന്ധി സ്‌ക്വയറില്‍ ഫ്രണ്ട്‌സ് ഓഫ് പി ടി ആന്റ് നേച്ചര്‍ എന്ന സംഘടനയുടെ നേതൃത്വലാണ് രവീന്ദ്രന്‍ സത്യഗ്രഹ സമരം ഇരിക്കുന്നത്. മലയാള ചലച്ചിത്ര മേഖലയില്‍ നിന്ന് ആദ്യമായാണ് അതിജീവിതയ്ക്ക് പിന്തുണയുമായി ഒരു നടന്‍ പ്രത്യക്ഷ സമരത്തിനിറങ്ങുന്നത്.
നടി ആക്രമിക്കപ്പെട്ട് അഞ്ചുവര്‍ഷം പിന്നിടുമ്പോഴും അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം തുടരുന്നു എന്ന് ആരോപിച്ചാണ് നടന്‍ രവീന്ദ്രന്‍ അടക്കമുള്ളവരുടെ പ്രതിഷേധം. നടിയെ ആക്രമിച്ച കേസില്‍ സംഭവിക്കുന്നതാണ് ഇരയുടെ പേര് പറയുന്നതിനടക്കം നിര്‍മാതാവ് വിജയ് ബാബുവിനെ പോലുള്ളവര്‍ക്ക് ധൈര്യം നല്‍കുന്നതെന്നും ഈ സാഹചര്യത്തിലാണ് അന്തരിച്ച മുന്‍ എം എല്‍ എ പി ടി തോമസ് തുടങ്ങിവെച്ച സമരം തുടരുന്നതെന്നും സമര സംഘാടകര്‍ പറഞ്ഞു.
അതേസമയം തങ്ങളുടേത് 5 വര്‍ഷത്തിന് ശേഷം വരുന്ന പ്രതിഷേധമല്ലെന്ന് രവീന്ദ്രന്‍ പറയുന്നു. ആദ്യമായി അതിജീവിതയ്ക്ക് വേണ്ടി രംഗത്ത് ഇറങ്ങിയത് പി ടി തോമസ് ആയിരുന്നുവെന്നും ഇതേ ഗാന്ധി സ്‌ക്വയറില്‍ അദ്ദേഹം സത്യാഗ്രഹം നടത്തിയിരുന്നുവെന്നും രവീന്ദ്രന്‍ പറഞ്ഞിരുന്നു. ഈ വിഷയം ജനശ്രദ്ധയില്‍പ്പെടുത്തിയതും അതിന്റെ ഗൗരവം അധികാരികളെ ബോധ്യപ്പെടുത്തിയതും പി ടി തോമസ് ആയിരുന്നു.
ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകളെല്ലാം ആശങ്കപ്പെടുത്തുന്നതാണ് എന്നും അതിജീവിതയ്ക്ക് നീതി കിട്ടുമോ എന്നുള്ളതാണ് ഏറ്റവും ആശങ്കപ്പെടുത്തുന്നതെന്നും രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. നീതിയെ അട്ടിമറിക്കാന്‍ പ്രവര്‍ത്തിച്ചത് ആരെല്ലാമാണോ അവരെല്ലാം ശിക്ഷിക്കപ്പെടേണ്ടതാണ് എന്ന് രവീന്ദ്രന്‍ വ്യക്തമാക്കി. നീതിയെ അട്ടിമറിക്കാന്‍ പ്രവര്‍ത്തിച്ചവരെല്ലാം ശിക്ഷിക്കപ്പെടേണ്ടവരാണ്. ശരിക്കും പറഞ്ഞാല്‍ ഉപ്പു തിന്നവര്‍ വെള്ളം കുടിക്കേണ്ടവരാണ്. ഇവിടെ യഥാര്‍ഥമായിട്ടുള്ള ന്യായപരമായിട്ടുള്ള, ഒരു നീതി അതിജീവിതയ്ക്ക് കിട്ടേണ്ടതാണ് എന്നും രവീന്ദ്രന്‍ പറഞ്ഞു.
2017 ഫെബ്രുവരിയില്‍ ആണ് എറണാകുളത്ത് വെച്ച് തെന്നിന്ത്യയിലെ പ്രശസ്തയായ നടി ആക്രമിക്കപ്പെടുന്നത്. നടന്‍ ദിലീപാണ് ആക്രമണത്തിന് ക്വട്ടേഷന്‍ കൊടുത്തത് എന്നാണ് പൊലീസ് പറയുന്നത്. കേസ് വിചാരണ ഘട്ടത്തിലേക്ക് കടക്കവെ ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചു എന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ രംഗത്തെത്തിയിരുന്നു. ഇതോടെ മറ്റൊരു കേസും ദിലീപിനെതിരെ ചുമത്തി. ദിലീപിന്റെ സഹോദരനടക്കം ആറ് പേരാണ് ഈ കേസിലെ പ്രതികള്‍.
അതിനിടെ ദിലീപ് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്ന വാര്‍ത്തകളും ശബ്ദരേഖകളും പുറത്തുവന്നിരുന്നു. അതിനിടെ കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. അതേസമയം നടിയെ ആക്രമിച്ച കേസില്‍ തിരുവനന്തപുരം ലത്തീന്‍ രൂപതയിലെ വൈദികനായ വിക്ടറിന്റെ മൊഴിയെടുത്തിട്ടുണ്ട്. ദിലീപിന്റെ ഫോണില്‍ നിന്ന് വൈദികന്റെ അക്കൗണ്ടില്‍ പണം നല്‍കിയതിന്റെ രേഖ ലഭ്യമായിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു വൈദികനെ ചോദ്യം ചെയ്തത്.