ഭോപ്പാല്‍: രാജ്യത്ത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മദ്യം നിരോധിക്കണമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷനോട് ഉമാ ഭാരതി. മധ്യപ്രദേശില്‍ മദ്യ ശാലകളുടെ എണ്ണം കൂട്ടും എന്നുള്ള വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവുമായ ഉമാ ഭാരതിയുടെ പ്രതികരണം. തുടര്‍ച്ചയായുള്ള എട്ടോളം ട്വീറ്റുകളിലൂടെയാണ് ഉമാ ഭാരതി തന്റെ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.
മദ്യ നിരോധനം കൊണ്ടുവന്നത് ബീഹാര്‍ തെരഞ്ഞെടുപ്പ് വിജയത്തെ ജെ.ഡി.യു അധ്യക്ഷന്‍ നിതീഷ് കുമാറിന് അനുകൂലമാക്കാന്‍ സഹായിച്ചു എന്നും ഉമാ ഭാരതി പറഞ്ഞു. ലോക്ക്ഡൗണ്‍ സമയത്ത് മദ്യ നിരോധനം നടപ്പിലായിരുന്നു. കൊവിഡ് മൂലം മരണം സംഭവിക്കുന്നു, എന്നാല്‍ മദ്യം ലഭിക്കാത്തതിന്റെ പേരില്‍ ആരും മരിക്കില്ലെന്ന് ഈ നടപടി വ്യക്തമാക്കുന്നുണ്ട് എന്നും അവര്‍ ചൂണ്ടിക്കാണിച്ചു.
ഭരണ സംവിധാനങ്ങള്‍ മദ്യശാലകള്‍ കൂട്ടാന്‍ ഉപയോഗിക്കുന്നത്, ‘അമ്മ തന്നെ കുട്ടിക്ക് വിഷം നല്‍കുന്നതിന്’ തുല്യമാണെന്നും ഉമാ ഭാരതി ട്വീറ്ററില്‍ കുറിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള കുറ്റകൃത്യങ്ങളെ മദ്യം അതിയായി സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ട് നികുതി കൂട്ടാന്‍ മദ്യത്തിന്റെ പ്രചാരണം അല്ലാത്ത മാര്‍ഗങ്ങളിലൂടെ സര്‍ക്കാര്‍ സഞ്ചരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.