പത്തു തവണ വിവാഹം കഴിച്ചു, കുട്ടികളുണ്ടായില്ല; കോടികളുടെ സ്വത്തുക്കള്‍ ദത്തുപുത്രന് കൈമാറാന്‍ തീരുമാനിച്ച 52കാരന്‍ കൊല്ലപ്പെട്ട നിലയില്‍
ലക്നൗ: ഉത്തര്‍പ്രദേശില്‍ പത്തുതവണ വിവാഹം കഴിച്ച 52കാരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് മൂത്ത സഹോദരന്‍ കൊന്നതാണെന്ന് പോലീസ് സംശയിക്കുന്നു. ബറേലി ജില്ലയില്‍ ബുധനാഴ്ച രാത്രിയിലാണ് സംഭവം. കൃഷിയിടത്തിലാണ് ജഗന്‍ലാല്‍ യാദവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കര്‍ഷകനായ ജഗന്‍ലാലിന് പൂര്‍വ്വിക സ്വത്തായി കോടികളുടെ ആസ്തിയുണ്ട്.
ഇത് മകനായി ദത്തെടുത്ത 24കാരന് കൈമാറാന്‍ ജഗന്‍ലാല്‍ തീരുമാനിച്ചിരുന്നു. ഇതില്‍ മൂത്ത സഹോദരന്‍ അസംതൃപ്തനായിരുന്നു. ഇതില്‍ പ്രകോപിതനായ സഹോദരനാകാം കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. 90കളുടെ തുടക്കത്തിലാണ് ജഗന്‍ലാല്‍ ആദ്യമായി വിവാഹം കഴിച്ചത്. ആദ്യ അഞ്ചുഭാര്യമാര്‍ അസുഖം വന്ന് മരിച്ചു പോയി. മൂന്ന് പേര്‍ മറ്റുള്ളവരുടെ കൂടെ പോയതായി പൊലീസ് പറയുന്നു. പശ്ചിംബംഗാളില്‍ സ്വദേശിനികളായ 35 ഉം 40ഉം പ്രായമുള്ള രണ്ടു സ്ത്രീകളാണ് നിലവില്‍ ജഗന്‍ലാലിന്റെ ഭാര്യമാര്‍.
കൊലപാതകകുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സ്വത്ത് തട്ടിയെടുക്കുന്നതിന് വേണ്ടി ജഗന്‍ലാലിനെ കൊന്നതാണെന്ന് പൊലീസ് സംശയിക്കുന്നു. മുഖ്യപാതയോട് ചേര്‍ന്നാണ് ജഗന്‍ലാലിന്റെ പേരിലുളള സ്വത്തുവകകള്‍. ഇതിന് ഉയര്‍ന്ന വിപണിമൂല്യമുണ്ട്. ഒന്നിന് പിറകേ ഒന്നായി നിരവധി വിവാഹങ്ങള്‍ കഴിച്ചെങ്കിലും ജഗന്‍ലാലിന് കുട്ടികള്‍ ഉണ്ടായിരുന്നില്ല. ജഗന്‍ലാലിന്റെ ആദ്യ ഭാര്യയുടെ മുന്‍ ഭര്‍ത്താവില്‍ പിറന്ന 24കാരനാണ് കൂടെ കഴിയുന്നത്. ഇവനെ ദത്തുപുത്രനായി അംഗീകരിച്ച് സ്വത്തുകള്‍ കൈമാറാന്‍ 52കാരന്‍ തീരുമാനിച്ചിരുന്നു.
നിരവധി തവണ വിവാഹം കഴിച്ചതില്‍ കുപിതനായ ജഗന്‍ലാലിന്റെ അച്ഛന്‍ 52കാരന് സ്വത്തുവകകളില്‍ അവകാശം നല്‍കിയിരുന്നില്ല. എല്ലാം മൂത്ത സഹോദരനാണ് കൈമാറിയത്. പഞ്ചായത്ത് ഉത്തരവ് പ്രകാരം ഭൂമിയുടെ ഒരു ഭാഗം ജഗന്‍ലാലിന് കൈമാറി. ഇത് ദത്തുപുത്രന് കൈമാറാനുള്ള തീരുമാനമാകാം കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.