യുക്രൈനില്‍ റഷ്യ ആക്രമണം തുടരുമ്പോഴും ചില നല്ല വാര്‍ത്തകളും വരുന്നുണ്ട്. തങ്ങളുടെ മാതൃരാജ്യത്തിനു വേണ്ടി യുദ്ധം ചെയ്യുന്നതിനിടയില്‍ ഒരുമിച്ച് ജീവിച്ച് പോരാടാന്‍ തീരുമാനിച്ചിരിക്കുകയാണ് യുക്രൈനിലെ രണ്ട് സൈനികര്‍. ഞായറാഴ്ച യുദ്ധഭൂമിയില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. 112 ബ്രിഗേഡിലെ ടെറിട്ടോറിയല്‍ ഡിഫന്‍സിലെ ലെസ്യയും വലേരിയുമാണ് വിവാഹിതരായത്.
സൈനിക വേഷത്തില്‍ തന്നെയായിരുന്നു ഇരുവരും ചടങ്ങിനെത്തിയത്. വധുവിന്റെ കയ്യില്‍ ബൊക്കയും തലയില്‍ കിരീടവും ഉണ്ടായിരുന്നു എന്ന വ്യത്യാസം മാത്രം. ദമ്പതികളെ ആശിര്‍വദിക്കാന്‍ പുരോഹിതനും ഉണ്ടായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പും സമാനമായ തരത്തില്‍ മറ്റൊരു വിവാഹവും യുക്രൈനില്‍ നടന്നിരുന്നു. ദമ്പതികളായ ക്ലെവെറ്റ്‌സും നതാലിയ വ്ലാഡിസ്ലേവും ഒഡെസയിലെ ബോംബ് ഷെല്‍ട്ടറില്‍ വച്ചാണ് വിവാഹിതരായത്.
അതേസമയം റഷ്യന്‍ ആക്രമണം 12ാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. തുടക്കം മുതല്‍ ചെറുത്ത് നില്‍ക്കുന്ന ഖാര്‍ഖീവ്, തെക്കന്‍ നഗരമായ മരിയുപോള്‍ , സുമി നഗരങ്ങളെ വളഞ്ഞ് ഉപരോധിക്കുന്ന റഷ്യന്‍ സേന ഷെല്ലാക്രമണും വ്യോമാക്രമണവും നിര്‍ത്താതെ തുടരുകയാണ്. അതിനിടെ റഷ്യ യുക്രൈന്‍ മൂന്നാംവട്ട സമാധാന ചര്‍ച്ച ഇന്ന് നടക്കും.
യുക്രൈന്‍ തലസ്ഥാനമായ കീവ്, മരിയൂപോള്‍, ഹാര്‍കീവ്, സുമി എന്നീ നാലു നഗരങ്ങളില്‍ റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30 മുതലാണ് വെടിനിര്‍ത്തല്‍. പോരാട്ടം രൂക്ഷമായ ഈ മേഖലയില്‍ നിന്നും സാധാരണക്കാരെ ഒഴിപ്പിക്കുന്നതിന് വേണ്ടിയാണ് താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. പോരാട്ടം രൂക്ഷമായ പ്രദേശത്ത് കുടുങ്ങിയ സാധാരണക്കാരെ ഒഴിപ്പിക്കാന്‍ നിരവധി മനുഷ്യത്വ ഇടനാഴികല്‍ തുറക്കുമെന്ന് റഷ്യന്‍ സൈന്യം വ്യക്തമാക്കി.
ലുഹാന്‍സ്‌കിലെ എണ്ണസംഭരണ ശാലയുടെ നേര്‍ക്കുണ്ടായ ആക്രമണത്തെത്തുടര്‍ന്ന്, ഓയില്‍ പ്ലാന്റില്‍ ശക്തമായ സ്ഫോടനമുണ്ടായി.മറ്റൊരു നഗരമായ മൈക്കോലെവില്‍ ശക്തമായ റോക്കറ്റാക്രമണമാണ് റഷ്യ നടത്തുന്നത്. റഷ്യന്‍ വ്യോമാക്രമണത്തില്‍ വിനിത്സിയ എയര്‍പോര്‍ട്ട് തകര്‍ന്നു. ക്രമാറ്റോര്‍സ്‌കില്‍ ജനവാസ കേന്ദ്രത്തില്‍ റഷ്യന്‍ മിസൈല്‍ പതിച്ച് രണ്ട് സാധാരണ പൗരന്മാര്‍ കൊല്ലപ്പെട്ടു.
ഹാര്‍കീവില്‍ റഷ്യന്‍ യുദ്ധവിമാനം യുക്രൈന്‍ വെടിവെച്ചിട്ടു. പൈലറ്റ് മരിച്ചു. യുദ്ധത്തില്‍ ഇതുവരെ 38 കുട്ടികള്‍ കൊല്ലപ്പെട്ടതായും, 71 കുട്ടികള്‍ക്ക് പരിക്കേറ്റതായും യുക്രൈന്‍ അറിയിച്ചു. സപോര്‍ഷ്യ ആണവ നിലയത്തില്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ നെറ്റ് വര്‍ക്കുകള്‍ വിച്ഛേദിച്ചിരിക്കുകയാണ്.