വെടിനിര്‍ത്തലിനിടെ റഷ്യ ആക്രമണം തുടരുന്നുവെന്ന് യുക്രെയ്ന്‍; മാനുഷിക ഇടനാഴി സുരക്ഷിതമെന്ന് റഷ്യ

മോസ്‌കോ: യുദ്ധം തുടങ്ങി പത്താം നാള്‍ യുക്രെയ്‌നില്‍ ഭാഗിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. അസോവ കടല്‍ തീരത്തെ മരിയോപോളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാനാണ് വെടിനിര്‍ത്തല്‍. എന്നാല്‍ മാനുഷിക ഇടനാഴിയില്‍ റഷ്യ ആക്രമണം തുടരുന്നതിനാല്‍ ഒഴിപ്പിക്കല്‍ യുക്രൈന്‍ നിര്‍ത്തിവെച്ചു. മനപ്പൂര്‍വം ഒഴിപ്പിക്കല്‍ വൈകിപ്പിക്കുകയാണ് യുക്രെയ്‌നെന്നാണ് റഷ്യന്‍ ആരോപണം.

ക്രൈമിയക്കും വിമത മേഖലയായ ഡോണ്‍ബാസിനുമിടയില്‍ അസോവ കടല്‍ തീരത്ത് റഷ്യക്ക് തടസ്സം മരിയുപോള്‍ നഗരമാണ്. അത് മുഴുവനായി പിടിച്ചെടുക്കാനാണ് ആക്രമണം ശക്തമാക്കി റഷ്യന്‍ മുന്നേറ്റം. നാലര ലക്ഷത്തോളം പേര്‍ താമസിക്കുന്ന മരിയുപോളില്‍ നിന്നും ഡോണ്‍ബാസിനോട് ചേര്‍ന്ന വോള്‍നോവാഖയില്‍ നിന്നും ആളുകളെ ഒഴിപ്പിക്കാനാണ് പ്രാദേശിക സമയം രാവിലെ പത്ത് മണിക്ക് താത്കാലിക വെടിനിര്‍ത്തല്‍ റഷ്യ പ്രഖ്യാപിച്ചത്. ആറ് മണിക്കൂര്‍ നേരത്തേക്കാണ് വെടിനിര്‍ത്തല്‍. മാനുഷിക ഇടനാഴിയിലൂടെ പരമാവധിപേരെ ഒഴിപ്പിക്കാമെന്നും നിര്‍ദേശം വന്നു.

എന്നാല്‍ റഷ്യ വാക്കുപാലിച്ചില്ലെന്നാണ് യുക്രൈന്‍ വാദം. മരിയുപോളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കേണ്ട സാപ്രോഷ്യ നഗരത്തിനിടയില്‍ പലയിടത്തും റഷ്യന്‍ ആക്രമണം തുടരുകയാണ്. ഷെല്ലിങ് നിര്‍ത്താത്ത ഇടത്ത് എങ്ങനെ ആളുകള്‍ പുറത്തിറങ്ങുമെന്ന് മരിയുപോള്‍ മേയര്‍ ചോദിച്ചു. എന്നാല്‍ മാനുഷിക ഇടനാഴി സുരക്ഷിതമാണെന്നും ഒഴിപ്പിക്കല്‍ മനപ്പൂര്‍വം തടസ്സപ്പെടുത്തുകയാണ് യുക്രൈനെന്നും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്‌റോവ് കുറ്റപ്പെടുത്തി.

സുമിയിലും കാര്‍കീവിലും ചെര്‍ണിഹീവിലുമെല്ലാം ആക്രമണം തുടരുകയാണ്. റഷ്യന്‍ നിയന്ത്രണത്തിലായ കേഴ്‌സനിലും മെലിറ്റോപോളിലും സൈന്യത്തിനെതിരെ യുക്രൈന്‍ ജനത തെരുവിലിറങ്ങി. യുക്രൈന്‍ വിട്ടോടിയവരുടെ സംഖ്യ പത്ത് ലക്ഷം കടന്നിട്ടുണ്ട്. നാട് വിട്ട് പാലായനം ചെയ്യേണ്ടി വന്നവര്‍ക്ക് വൈകാതെ തിരിച്ചുവരാനാകുമെന്നാണ് പ്രസിഡന്റ് സെലന്‍സ്‌കിയുടെ ശുഭാപ്തി വിശ്വാസം.

റഷ്യക്കെതിരെ നാറ്റോ രാജ്യങ്ങള്‍ നോ ഫ്‌ലൈ സോണ്‍ ഏര്‍പ്പെടുത്തണമെന്ന യുക്രൈന്‍ ആവശ്യം ഇന്നലെ അംഗരാജ്യങ്ങള്‍ തളളിയിരുന്നു. യുക്രൈനില്‍ ഇനിയുണ്ടാകുന്നു എല്ലാ മരണങ്ങള്‍ക്കും ഉത്തരവാദി നാറ്റോ ആയിരിക്കുമെന്നും സെലന്‍സ്‌കി പറഞ്ഞു. നാറ്റോ റഷ്യ ഏറ്റുമുട്ടലാണ് സെലന്‍സ്‌കിയുടെ ആഗ്രഹമെന്നാണ് റഷ്യന്‍ മറുപടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News