കീവ്: ഡ്രോണ്‍ ആക്രമണത്തില്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിനെ വധിക്കാന്‍ ശ്രമിച്ചെന്ന റഷ്യയുടെ ആരോപണം നിഷേധിച്ച് യുക്രൈന്‍. പുതിനെ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണം നടത്തിയിട്ടില്ലെന്നും റഷ്യ തന്നെയാണ് ആക്രമണത്തിന് പിന്നിലെന്നും യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയുടെ വക്താവ് മിഹായ്ലോ പൊദോല്യാക് പറഞ്ഞു. യുക്രൈനേതിരേ വലിയ ആക്രമണം നടത്താന്‍ റഷ്യ തന്നെ നടത്തിയ പദ്ധതിയാണിതെന്നും മിഹായ്ലോ ആരോപിച്ചു.
പ്രതിരോധത്തിലൂന്നിയ യുദ്ധമാണ് യുക്രൈന്‍ നടത്തുന്നത്. റഷ്യക്കുള്ളിലെ പ്രദേശങ്ങള്‍ ഒരിക്കലും യുക്രൈന്‍ ആക്രമിക്കില്ല. അങ്ങനെ ചെയ്തതുകൊണ്ട് ഞങ്ങള്‍ക്ക് സൈനിക ലക്ഷ്യങ്ങളൊന്നും നേടാനാവില്ലെന്നും മിഹായ്‌ലോ പറഞ്ഞു.
ബുധനാഴ്ച രാത്രി പുതിനെ വധിക്കാന്‍ ലക്ഷ്യമിട്ട് യുക്രൈന്‍ ക്രെംലിനിലേക്ക് രണ്ട് ഡ്രോണുകളയച്ചെന്നായിരുന്നു റഷ്യയുടെ ആരോപണം. രണ്ട് ഡ്രോളുകളും വെടിവെച്ച് വീഴ്ത്തിയെന്നും ആളപായമില്ലെന്നും തിരിച്ചടിക്കാനുള്ള അവകാശമുണ്ടെന്നും ക്രെംലിന്‍ പ്രസ്താവനയില്‍ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ആരോപണം നിഷേധിച്ച് യുക്രൈന്‍ രംഗത്തെത്തിയത്.
ക്രെംലിന്‍ കൊട്ടാരത്തിന്റെ പരിസരത്ത് പുക ഉയരുന്നതിന്റെയും അവിടേക്ക് ഡ്രോണ്‍ എത്തുന്നതിന്റെയും മറ്റും വീഡിയോ റഷ്യന്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഡ്രോണ്‍ ആക്രമണം സംബന്ധിച്ച വാര്‍ത്ത പുറത്തെത്തിയതിന് പിന്നാലെ മോസ്‌കോയില്‍ അനുമതിയില്ലാതെ ഡ്രോണുകള്‍ പറത്തുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.