ലണ്ടൻ:വിദേശ വിദ്യാർത്ഥികളുടെ സെലക്ഷൻ സംബന്ധിച്ച് യുകെ ഹോം ഓഫീസ് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ യുകെയിലേക്കുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രവാഹം തുടരുന്നു.
പണമടക്കം മറ്റെല്ലാ യോഗ്യതകൾ ഉണ്ടെങ്കിലും ഐ.ഇ.എൽ.ടി.എസ് എന്ന ഇംഗ്ലീഷ് യോഗ്യതാ കടമ്പയാണ് ഇതുവരെ മലയാളികൾ അടക്കം നിരവധി ഇന്ത്യൻ വിദ്യാർത്ഥികളുടെ യുകെ പഠനമെന്ന മോഹത്തിന്റെ വഴിയടച്ചിരുന്നത്.
എന്നാലിപ്പോൾ, ഇന്ത്യൻ വംശജ കൂടിയായ ഹോം സെക്രട്ടറി പ്രീതി പട്ടേൽ, ഐ.ഇ.എൽ.ടി.എസ് തടസ്സം മാറ്റി ആ വാതിൽ കൂടി തുറന്നുതന്നിരിക്കുന്നു. ബ്രെക്‌സിറ്റും കോവിഡും ഇത്തരമൊരു നീക്കത്തിനു പിന്നിൽ ശക്തമായ കാരണങ്ങളുമായി.
വിദേശ തൊഴിലാളികളുടെ റിക്രൂട്ട്മെന്റിനായി യുകെ സർക്കാർ നടപ്പിലാക്കിയ പോയിന്റ് ബേസ്‌ഡ് സിസ്റ്റം തന്നെയാണ് ഐ.ഇ.എൽ.ടി.എസ് ഒഴിവാക്കാൻ പകരമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉപയോഗിക്കുന്നത്.
ഇതുമൂലം വിദേശ വിദ്യാർത്ഥികൾക്ക് ഇപ്പോൾ ഐ.ഇ.എൽ.ടി.എസ് (IELTS അഥവാ ഇന്റർനാഷണൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റം) വിജയിക്കാതെ തന്നെ യുകെയിലേക്ക് പോകാൻ കഴിയും. രാജ്യത്തെ നിരവധി കോളേജുകളും യൂണിവേഴ്സിറ്റികളും പോയിന്റ് സിസ്റ്റത്തിന്റെയും സ്വന്തം ഇന്റേണൽ ഇംഗ്ലീഷ് ടെസ്റ്റിന്റെയും അടിസ്ഥാനത്തിൽ കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നു.
എന്താണ് പുതിയ പോയിന്റ് അധിഷ്ഠിത സെലക്ഷൻ സിസ്റ്റം?
പോയിന്റ് സിസ്റ്റത്തിന്റെയും ഓരോ വിദ്യാഭ്യാസ സ്ഥാപനവും അവരുടെ സ്വന്തം നിലയ്ക്ക് നടത്തുന്ന ഇന്റേണൽ ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് ഐ.ഇ.എൽ.ടി.എസ് ഒഴിവാക്കിയുള്ള കോഴ്‌സുകൾ യുകെ സർവകലാശാലകൾ വാഗ്ദാനം ചെയ്യുന്നത്.
പുതിയ പോയിന്റ് ബേസ്‌ഡ് സിസ്റ്റം നിലവിലുള്ള ഒരു കോളേജിലോ യുണിവേഴ്സിറ്റിയിലോ പ്രവേശനം നേടുന്നതിനുള്ള യോഗ്യതയ്ക്കായി ഒരു വിദേശ വിദ്യാർത്ഥിയ്ക്ക് കുറഞ്ഞത് 70 പോയിന്റുകൾ ആവശ്യമാണ്.
ഈ പോയിന്റ് സമ്പ്രദായത്തിൽ, യൂണിവേഴ്സിറ്റി വിദ്യാർത്ഥിക്ക് നൽകുന്ന സ്ഥിരീകരണത്തിനുള്ള (കൺഫൈമേഷൻ ഓഫ് അസ്സപ്റ്റൻസ് അഥവാ CAS) സർട്ടിഫിക്കറ്റിന് മാത്രം 30 പോയിന്റുകൾ ലഭിക്കും.
വിദ്യാർത്ഥിയുടെ അല്ലെങ്കിൽ അവന്റെ / അവളുടെ രക്ഷിതാക്കളുടെ അല്ലെങ്കിൽ കുടുംബത്തിന്റെ അക്കൗണ്ടുകളിൽ യുകെ വിദ്യാഭ്യാസ ചിലവിന് മതിയായ ഫണ്ടുകൾ ഉണ്ടെങ്കിൽ അതിന് 10 പോയിന്റുകൾ ലഭിക്കും.
വിദ്യാർത്ഥിക്ക് അവന്റെ / അവളുടെ ഇന്ത്യയിലെ പഠനത്തിൽ ഇംഗ്ലീഷ് പ്രധാന മീഡിയം ആയിരിക്കുകയും പന്ത്രണ്ടാം ക്ലാസ്സിലെ ഇംഗ്ലീഷ് വിഷയത്തിൽ 70% മുതൽ 80% വരെ നേടിയിട്ടുണ്ടെങ്കിലും 10 പോയിന്റുകൾ കൂടി ലഭിക്കും.
കൂടാതെ എൻറോൾ ചെയ്യുന്ന യുണിവേഴ്സിയോ കോളേജോ അവരുടേതായി നടത്തുന്ന ഇംഗ്ലീഷ് ടെസ്റ്റിൽ വിദ്യാർത്ഥികൾ എത്രത്തോളം മികച്ച പ്രകടനം നടത്തുന്നു എന്നത് പോലുള്ള മറ്റ് ഘടകങ്ങൾക്ക് 20 പോയിന്റുകൾ നൽകും.ഈവിധത്തിൽ ആകെ ഏറ്റവും കുറഞ്ഞത് 70 പോയിന്റുകൾ കരസ്ഥമാക്കാനായാൽ ഐ.ഇ.എൽ.ടി.എസ് എന്ന കടമ്പ ഒഴിവാക്കി യുകെയിൽ പഠിക്കാനെത്താം.
പഠനത്തിനിടയിൽ പാർട്ട് ടൈം ജോലിചെയ്യാം
യുകെ യുണിവേഴ്സിറ്റികളിലും കോളേജുകളിലും അഡ്‌മിഷൻ ലഭിക്കുന്ന ഫുൾ ടൈം വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ 20 മണിക്കൂർ ജോലിചെയ്യാനും അനുവാദമുണ്ട്. അതായത് പഠനത്തോടൊപ്പം ജോലി ചെയ്യാനും സമ്പാദിക്കാനും മതിയായ സമയമുണ്ട്.
അതുപോലെ പഠനം പൂർത്തിയാക്കിയ ശേഷവും അവർക്ക് രണ്ട് വർഷത്തെ പോസ്റ്റ് സ്റ്റഡി വർക്ക് പെർമിറ്റ് ലഭിക്കും. അവർക്ക് ആ സമയത്ത് ജോലി ചെയ്യാനോ അല്ലെങ്കിൽ അവിടെ ബിരുദാനന്തര ബിരുദമോ മറ്റു കോഴ്സുകളോ തുടരാനോ കഴിയും.
സൂക്ഷിക്കേണ്ട കാര്യങ്ങൾ
എന്നാൽ ഇപ്പോഴത്തെ ഈ ഇളവുകൾ മുതലാക്കി നിരവധി തട്ടിപ്പ് സ്ഥാപനങ്ങളും വിദ്യാർത്ഥികൾക്ക് പഠന വിസ ഓഫർ ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. 20 മുതൽ 30 ലക്ഷം രൂപവരെ ഈടാക്കിയാണ് ഇവർ സ്റ്റഡി വിസയും വർക്ക് പെര്മിറ്റുമൊക്കെ ഓഫർ ചെയ്ത് വിദ്യാർത്ഥികളെ വഞ്ചിക്കുന്നത്.
അതിനാൽ വിശ്വസ്തമായ കൺസൾട്ടൻസി സ്ഥാപനങ്ങളുമായി മാത്രം ഇടപാടുകൾ നടത്താൻ വിദ്യാർഥികളും മാതാപിതാക്കളും പ്രത്യേകം ശ്രദ്ധിക്കുക. കോഴ്‌സുകളുടെയും യുണിവേഴ്സിറ്റികളുടെയും വിവരങ്ങളും കോഴ്സ് ഫീസുകളും അവരുടെ ഔദ്യോഗിക വെബ്സൈറ്റ് തന്നെ നോക്കി ഉറപ്പുവരുത്തുകയും ചെയ്യുക
കൺസൾട്ടൻസികളെക്കുറിച്ച് കൂടുതൽ എന്തെങ്കിലും സംശയങ്ങളോ പരാതികളോ ഉണ്ടെങ്കിൽ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷന്റെ കൊച്ചിയിലേയോ ചെന്നൈയിലേയോ ഓഫിസുമായി നേരിട്ട് ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാവുന്നതുമാണ്.