മിലാൻ: യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് ഫ്രാൻസ്. ആവേശകരമായ ഫൈനലിൽ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം രണ്ട് ഗോൾ തിരിച്ചടിച്ച് സ്പെയിനിനെ കീഴടക്കി. ഫ്രാൻസിനായി കരീം ബെൻസമ (66),കൈലിയൻ എംബാപ്പെ (80) എന്നിവർ ഗോൾ നേടി. സ്പെയിനിന്റെ ഗോൾ മൈക്കൽ ഒയർസബാൾ (64) നേടി.
ബെൽജിയത്തെ കീഴടക്കി ഇറ്റലി മൂന്നാം സ്ഥാനം നേടി (21). ഇറ്റലിക്കായി നിക്കോളോ ബരേല്ല (46), ഡൊമെനിക്കോ ബെറാർഡി (പെനാൽട്ടി 65) എന്നിവർ സ്കോർ ചെയ്തു. ചാൾസ് കെറ്റെലെറോ (86) ബെൽജിയത്തിനായി ഗോൾ നേടി.
ആദ്യമായിട്ടാണ് ഫ്രാൻസ് നേഷൻസ് ലീഗ് നേടുന്നത്. 2018-ൽ ലോകചാമ്പ്യൻമാരായ ഫ്രാൻസിന് മറ്റൊരു പ്രധാന കിരീടം കൂടി ഇതോടെ സ്വന്തമായി. പന്ത് കൈവശം വെച്ച് കളിക്കുന്നതിൽ സ്പെയിനിനായിരുന്നു ആധിപത്യം. ആദ്യപകുതിയിൽ മികച്ച ആക്രമണങ്ങളും നടത്താൻ അവർക്കായി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗോൾ വഴങ്ങിയതോടെയാണ് ഫ്രാൻസ് ആക്രമണം കടുപ്പിച്ചത്.
അതിന് അവർക്ക് ഫലവും കിട്ടി. ബെൻസമയിലൂടെ സമനില ഗോൾ കണ്ടെത്തിയ അവർ എംബാപ്പെയുടെ വ്യക്തിഗത മികവിൽ രണ്ടാം ഗോളും നേടി. കളിയുടെ അവസാനഘട്ടത്തിൽ സ്പാനിഷ് താരം ഒയർസബാളും ഫ്രഞ്ച് താരം ബെൻസമയും മികച്ച അവസരങ്ങൾ പാഴാക്കി.