മലപ്പുറം: തുവ്വൂരിൽനിന്ന് പള്ളിപ്പറമ്പ് മാങ്കുത്ത് മനോജിന്റെ ഭാര്യ സുജിതയുടെ തിരോധാനം പുറത്തുവന്നത് മുതൽ അവർക്കുവേണ്ടിയുള്ള തിരച്ചിലിൽ സജീവമായിരുന്നു ഇപ്പോൾ അറസ്റ്റിലായിരിക്കുന്ന പ്രതി വിഷ്ണു. സുജിതയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി പോസ്റ്റുകളാണ് ഇയാൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.
തുവ്വൂർ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയാണ് അറസ്റ്റിലായ വിഷ്ണു. സുജിതയുടെ തിരോധാനത്തില്‍ അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ചൂണ്ടിക്കാട്ടി യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ബുധനാഴ്ച രാവിലെ കരുവാരക്കുണ്ട് പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്താനിരിക്കെയാണ് ഇയാളുടെ അറസ്റ്റ്.
ആഗസ്റ്റ് 11-നാണ് സുജിതയെ കാണാതാകുന്നത്. പിന്നീടങ്ങോട്ട് ഇവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി പോസ്റ്റുകളാണ് ഇയാള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. എല്ലാവരും ഈ പോസ്റ്റ് പരമാവധി ഷെയര്‍ ചെയ്യണമെന്നും വിവരം കിട്ടുന്നവര്‍ അറിയിക്കണമെന്നും ഇയാൾ അഭ്യർഥിച്ചിരുന്നു. സുജിതയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കരുവാരക്കുണ്ട് പോലീസ് ഫെയ്‌സ്ബുക്കില്‍ പേജില്‍ ‘കാണ്‍മാനില്ല’ എന്ന അറിയിപ്പ് നല്‍കിയിരുന്നു. ഈ പോസ്റ്റും വിഷ്ണു ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
കൂടാതെ, ഇവരെ കണ്ടെത്തുന്നതിനായുള്ള തിരച്ചിലില്‍ വിഷ്ണു സജീവമായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. വിഷയത്തില്‍ ഇടപെടല്‍ ശക്തമാക്കണമെന്ന് ആവശ്യപ്പെടുകയും തിരോധാനവുമായി ബന്ധപ്പെട്ട് വാര്‍ത്ത നല്‍കണമെന്ന് പ്രാദേശിക മാധ്യമപ്രവര്‍ത്തകരോട് ഇയാൾ പറഞ്ഞതായും നാട്ടുകാർ പറയുന്നു.
കുടുംബശ്രീ പ്രവര്‍ത്തകയും കൃഷിഭവനിലെ താത്കാലിക ജീവനക്കാരിയുമായിരുന്നു സുജിത. സുഹൃത്തായ സുജിതയെ ഓഗസ്റ്റ് 11-ാം തീയതി തന്നെ പ്രതി കൊലപ്പെടുത്തിയതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ പ്രതി വീടിനുള്ളില്‍വെച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. നേരത്തെ പഞ്ചായത്ത് ഓഫീസില്‍ താത്കാലിക ജീവനക്കാരനായിരുന്ന വിഷ്ണുവും സുജിതയും തമ്മില്‍ പരിചയമുണ്ടായിരുന്നതായും ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നുമാണ് വിവരം.