തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്തിയതില്‍ വലിയ പങ്കുള്ള കെ.ബി ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഗണേഷ് കുമാറിനെ മന്ത്രിയാക്കാനുള്ള തീരുമാനത്തില്‍നിന്ന് ഇടതുമുന്നണിയും മുഖ്യമന്ത്രിയും പിന്‍മാറണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു. മന്ത്രിമാരുടെ സത്യപ്രതിജ്ഞ യു.ഡി.എഫ് ബഹിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്നതിന്റെ പേരില്‍ ഗണേഷ് കുമാറിനെതിരേ കോടതിയില്‍ കേസ് നടക്കുകയാണ്. ആ വിഷയം അന്വേഷിച്ച സി.ബി.ഐയുടെ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്തുന്നതില്‍ വലിയ ഗൂഢാലോചന നടന്നുവെന്ന് പറയുന്നുണ്ട്.
ആ ഗൂഢാലോചനയിലെ ഏറ്റവും പ്രധാന പങ്കാളിയാണ് ഗണേഷ് കുമാര്‍. അതുെകാണ്ട് അദ്ദേഹത്തെ മന്ത്രിയാക്കാനുള്ള തീരുമാനത്തില്‍നിന്ന് ഇടതുമുന്നണിയും മുഖ്യമന്ത്രിയും പിന്‍മാറണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുകയാണ്’, സതീശന്‍ പറഞ്ഞു.
കേരളത്തിലെ ജനങ്ങളുടെ ഹൃദയത്തിലുള്ള ആളാണ് ഉമ്മന്‍ചാണ്ടി. അദ്ദേഹത്തിന് ഏറ്റവും പ്രായംചെന്ന സമയത്താണ് ഒരു ഇല്ലാത്ത കേസില്‍ കുടുക്കി അപമാനിക്കാന്‍ ശ്രമം നടത്തിയത്. ഇതുസംബന്ധിച്ച ഗൂഢാലോചനയിലെ പ്രധാന പങ്കാളിയെ മന്ത്രിയാക്കിക്കൊണ്ട് അധികാരത്തില്‍ വരാന്‍ കഴിഞ്ഞതിന് പിണറായി നന്ദി പ്രകടിപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. അത് ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കാന്‍ കഴിയില്ലെന്നും സതീശന്‍ പറഞ്ഞു.
ഗണേഷിനെ മന്ത്രിയാക്കുന്ന പശ്ചാത്തലത്തിലും കേരളത്തില്‍ നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജയിലില്‍ കിടക്കുകയും മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ കിടക്കുകയും ചെയ്യുന്ന സാഹചര്യത്തിലും പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് യുഡിഎഫ് ബഹിഷ്‌കരിക്കുമെന്നും സതീശന്‍ പറഞ്ഞു.