KeralaNews

വടകരയിൽ കെ.കെ രമ മത്സരിച്ചാൽ ആർഎംപിയെ പിന്തുണയ്ക്കുമെന്ന് യു.ഡി.എഫ്

വടകര: വടകരയിൽ ആർഎംപിയെ പിന്തുണയ്ക്കാൻ യുഡിഎഫ് തീരുമാനം. ഘടകകക്ഷിയല്ലെങ്കിലും സ്ഥാനാർഥിയായി കെ.കെ രമ മത്സരിച്ചാൽ ആർഎംപിയെ പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഡൽഹിയിൽ നടന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തവണ മത്സരിക്കാനില്ലെന്ന് കെ.കെ രമ നേരത്തെ വ്യക്തമാക്കിയിരുന്നു. എൻ വേണുവിനെ സ്ഥാനാർഥിയാക്കാനായിരുന്നു ആർഎംപിയിലെ നീക്കങ്ങൾ. എന്നാൽ യുഡിഎഫ് ഔദ്യോഗികമായി പിന്തുണ അറിയിച്ച സാഹചര്യത്തിൽ കെകെ രമയെ തന്നെ ആർഎംപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചേക്കും. ഇന്നോ നാളെയോ ആർഎംപി ഔദ്യോഗികമായി സ്ഥാനാർഥിയെ പ്രഖ്യാപിക്കും.

ആർഎംപി മത്സരിക്കുമെന്ന് ഉറപ്പായതോടെ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തിയാലും എൽഡിഎഫ് വിരുദ്ധ വോട്ടുകൾ വിഭജിക്കപ്പെടുമെന്ന് കണക്കിലെടുത്താണ് തീരുമാനം. കഴിഞ്ഞ തവണ കെ.കെ രമ ഒറ്റയ്ക്ക് നിന്നപ്പോൾ 20,504 വോട്ട് നേടിയിരുന്നു. എൽഡിഎഫ് സ്ഥാനാർഥി സി.കെ നാണു 9511 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ ജയിച്ചത്.

ഇത്തവണ 91 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുക. ഇതിൽ 81 സീറ്റുകളുടെ കാര്യത്തിൽ തീരുമാനമായി. പത്തെണ്ണത്തിൽ അന്തിമ തീരുമാനമായിട്ടില്ല. എംപിമാർ മത്സരിക്കേണ്ടതില്ലെന്നും കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ തീരുമാനമായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button