തിരുവനന്തപുരം: മണിക്കൂറുകൾനീണ്ട ചർച്ചയ്‌ക്കൊടുവിൽ യു.ഡി.എഫ്. സർക്കാരിലെ മന്ത്രിമാരെ സംബന്ധിച്ച് ഏകദേശധാരണയായി. കോൺഗ്രസ് നേതാക്കൾ പലവട്ടം നടത്തിയ കൂടിയാലോചനയും ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചർച്ചകളുമാണ് ശനിയാഴ്ച മുഴുനീളെയുണ്ടായത്. ലീഗിന് അഞ്ചുമന്ത്രിസ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഒറ്റ അംഗമുള്ള മൂന്നുകക്ഷികളിൽ സി.എം.പി. നേതാവ് സി.പി. ജോണിന് അഞ്ചുവർഷ മന്ത്രിസ്ഥാനം ലഭിക്കും. കേരള കോൺഗ്രസ് (ജേക്കബ്) നേതാവ് അനൂപ് ജേക്കബ്, കെ.ഡി.പി. നേതാവ് മാണി സി. കാപ്പൻ എന്നിവർ മന്ത്രിസ്ഥാനം പങ്കുവെക്കും. ടേം വ്യവസ്ഥയിൽ കാപ്പന് അതൃപ്തിയുണ്ട്.
സതീശന്റെ രണ്ടുതവണത്തെ സന്ദർശനത്തിലും വേണുഗോപാലിന്റെ സംസാരത്തിലും വഴങ്ങി. ആഭ്യന്തരവകുപ്പുതന്നെ നൽകി ചെന്നിത്തലയെ മന്ത്രിസഭയിലുൾപ്പെടുത്തും. കോൺഗ്രസ് മന്ത്രിമാരുടെ പട്ടിക ഞായറാഴ്ച രാവിലെ ദേശീയനേതൃത്വത്തിന് കൈമാറും. എ.ഐ.സി.സി. അനുമതിയോടെയാണ് പ്രഖ്യാപിക്കുക. മന്ത്രിസഭയിലെ മുഴുവൻ അംഗങ്ങളുടെയും പേരുകൾ ഞായറാഴ്ച ഉച്ചയോടെ ഗവർണർക്ക് കൈമാറും. തിങ്കളാഴ്ച മുഴുവൻ മന്ത്രിമാരും ഒരുമിച്ചാണ് സത്യപ്രതിജ്ഞ.
ഉറപ്പാക്കിയത്
ഏഴ് എം.എൽ.എ.മാരാണ് കേരള കോൺഗ്രസിനുള്ളത്. അഞ്ച് എം.എൽ.എ. മാർക്ക് ഒരു മന്ത്രി എന്നതാണ് മുന്നണിയുടെ സമവായം.
22 എം.എൽ.എ.മാരുള്ള ലീഗിന് അഞ്ചുമന്ത്രിസ്ഥാനം നൽകുന്നുണ്ട്. തങ്ങൾക്ക് രണ്ടുമന്ത്രിസ്ഥാനത്തിന് അവകാശമുണ്ടെന്നാണ് ജോസഫ് ഗ്രൂപ്പിന്റെ വാദം. മോൻസ് ജോസഫ് മന്ത്രിയാകുമെന്ന് ഉറപ്പിച്ചിട്ടുണ്ട്. ഒരു മന്ത്രിയും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവുമാണ് അവർക്ക് കോൺഗ്രസ് മുന്നോട്ടുവെക്കുന്നത്.
- ആഭ്യന്തരവും വിജിലൻസും: രമേശ് ചെന്നിത്തല
- ധനവകുപ്പ്, തുറമുഖം: വി.ഡി. സതീശൻതന്നെ
- ഗതാഗതം: സി.പി. ജോൺ (സി.എം.പി.)
- റവന്യൂ വകുപ്പ്: സണ്ണി ജോസഫ്
- എക്‌സൈസ് വകുപ്പ്: എം.ലിജു
- ആരോഗ്യവകുപ്പ്: കെ. മുരളീധരന് നൽകണമെന്ന് ചർച്ചയിലുണ്ടെങ്കിലും ധാരണയിലെത്തിയിട്ടില്ല.
- പൊതുമരാമത്ത് വകുപ്പ് ലീഗ് കൈവശംവെക്കുന്നതാണെങ്കിലും കേരള കോൺഗ്രസ് ജോസഫ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. കൃഷി വകുപ്പാണ് കേരള കോൺഗ്രസിന് നൽകാമെന്ന് അറിയിച്ചിട്ടുള്ളത്. ജലവിഭവ വകുപ്പാണ് ആർ.എസ്.പി. ആവശ്യപ്പെട്ടിട്ടുള്ളത്.


