തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വൻ വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. രാവിലെ പത്തുമണിക്ക് കൊച്ചിയിൽ നടന്ന ചടങ്ങിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് പത്രിക പുറത്തിറക്കിയത്. ‘കേരളം ജയിക്കും, യുഡിഎഫ് നയിക്കും’ എന്നതാണ് യുഡിഎഫിന്റെ മുദ്രാവാക്യം. ഇന്ദിര ഗ്യാരന്റിക്കാണ് പത്രികയിൽ പ്രധാന മുൻഗണന നൽകുന്നത്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ കൃത്യമായി നടപ്പാക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ പ്രത്യേക എംപവറിംഗ് കമ്മിറ്റി രൂപീകരിക്കുമെന്നും യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി.
സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യയാത്ര, കോളേജ് വിദ്യാർഥിനികൾക്ക് പ്രതിമാസം ആയിരം രൂപയുടെ ധനസഹായം, യുവാക്കൾക്ക് സംരംഭങ്ങൾ ആരംഭിക്കാൻ അഞ്ചുലക്ഷം രൂപവരെ പലിശരഹിത വായ്പ, ക്ഷേമ പെൻഷൻ 3000 രൂപ, എല്ലാ കുടുംബങ്ങൾക്കും ഉമ്മൻചാണ്ടിയുടെ പേരിൽ 25 ലക്ഷം രൂപ വരെയുള്ള സൗജന്യ ഇൻഷുറൻസ് പദ്ധതി, മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് തുടങ്ങിയവയാണ് യുഡിഎഫ് പ്രകടന പത്രികയിലെ ആറിന ഇന്ദിര ഗ്യാരണ്ടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനുപുറമേ ജോലി ഉറപ്പാക്കാൻ ജോബ് വാച്ച് ടവർ, വയനാട്ടിൽ ട്രൈബൽ സർവകലാശാല, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിൽ മെട്രോ/ലൈറ്റ് മെട്രോ പദ്ധതികൾ നടപ്പാക്കുമെന്നും യുഡിഎഫ് വാഗ്ദാനംചെയ്യുന്നു.
പ്രധാന വാഗ്ദാനങ്ങൾ
- സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര
- കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രൂപ പ്രതിമാസ ധനസഹായം
- ക്ഷേമ പെൻഷനുകൾ 3000 രൂപയായി വർദ്ധിപ്പിക്കും
- എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപവരെ സൗജന്യ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്
- യുവജനങ്ങൾക്ക് ബിസിനസ് ആരംഭിക്കുന്നതിന് അഞ്ചുലക്ഷം രൂപ പലിശരഹിത വായ്‌പ
- മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ്
- മിഷൻ സമുദ്ര, വ്യോമയാന വികസനം, എംഎസ്എംഇ സംരംഭങ്ങൾ, ജോബ് വാച്ച് ടവർ, വയനാട് ട്രൈബൽ യൂണിവേഴ്‌സിറ്റി എന്നിവ സ്വപ്‌ന പദ്ധതികൾ
- അർഹരായ കുട്ടികൾക്ക് ഇന്ത്യയിലും വിദേശത്തും പഠിക്കുന്നതിനായി കെആർ നാരായണൻ സ്‌കോളർഷിപ്പ്, ലോൺ സ്‌കോളർഷിപ്പ്
- അങ്കണവാടികളിലെ കുട്ടികൾക്ക് ത്രൈമാസ മെഡിക്കൽ ചെക്കപ്പ്
- ആശാ വർക്കർമാരുടെ ദിവസവേതനം കുറഞ്ഞത് 700 രൂപയാക്കും
- ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന രോഗികൾക്ക് സൗജന്യ ഡയാലിസിസ്
- ഡയാലിസിസ് രോഗികൾക്ക് തുടർചികിത്സ കുറഞ്ഞ നിരക്കിൽ
- പാചകവാതക തൊഴിലാളികൾക്ക് ഓണറേറിയം കൂട്ടും
- യുവാക്കൾക്ക് കുടുംബശ്രീ പോലെ യുവശ്രീ
- കമ്യൂണിറ്റി കിച്ചൺ വിപുലീകരിക്കും
- കേരളത്തെ ലോകോത്തര ഹെൽത്ത് ഡെസ്റ്റിനേഷനാക്കും
- എല്ലാ പഞ്ചായത്തുകളിലും അടിയന്തര ചിികിത്സാ സൗകര്യമുള്ള ആംബുലൻസ്
- പബ്ളിക് ഹെൽത്ത് കേഡർ സമ്പൂർണമാക്കും
- പോണ്ടിച്ചേരിയിലെ ജിപ്മർ മാതൃകയിൽ ബിൽ രഹിത ആശുപത്രികൾ
- കേരളത്തിൽ മൊബൈൽ കീമോതെറാപ്പി യൂണിറ്റുകൾ
- നിർധനരായ കുടുംബത്തിലെ സ്ത്രീകൾക്ക് സൗജന്യ മാമ്മോഗ്രാം
- ഓൺലൈൻ ടാക്സി കസ്റ്റമർ കെയർ 24/7 ആക്കും
- സർക്കാർ ആശുപത്രികളിൽ രോഗികൾ നിലത്തുകിടക്കേണ്ട അവസ്ഥയുണ്ടാകില്ല. രോഗികൾക്ക് ബെഡ് അവകാശമാക്കും
English Summary: The United Democratic Front (UDF) has released its manifesto for the upcoming Kerala Assembly elections, unveiled by Telangana CM Revanth Reddy in Kochi. Under the banner “Indira Guarantee,” the UDF promised a welfare pension of ₹3,000, free KSRTC travel for women, and ₹1,000 monthly assistance for female college students. Other key highlights include interest-free loans up to ₹5 lakh for youth startups, an Oommen Chandy memorial insurance scheme offering up to ₹25 lakh for families, and a dedicated department for senior citizens. The manifesto also proposes a “Job Watch Tower,” a Tribal University in Wayanad, and Metro/Light Metro projects for Kozhikode and Thiruvananthapuram.


