FeaturedHome-bannerKeralaNews

‘സന്ധ്യ കഴിഞ്ഞാല്‍ സ്ഥാനാര്‍ഥി എവിടെയെന്ന് ആര്‍ക്കുമറിയില്ല;പ്രത്യക്ഷപ്പെടുന്നത് രാവിലെ 10 മണിയ്ക്ക് ധര്‍മജന്റേത് നന്ദികേട്’

കോഴിക്കോട് ബാലുശ്ശേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി യുഡിഎഫ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ധര്‍മജന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കോണ്‍ഗ്രസ് നേതാവ് ഗിരീഷ് മൊടക്കല്ലൂര്‍ പറഞ്ഞു. രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്നു തന്റെ പേരില്‍ ലക്ഷങ്ങള്‍ പിരിച്ചെടുത്തെന്നും തന്നെ തോല്‍പിക്കാന്‍ ശ്രമിച്ചെന്നു ധര്‍മജന്‍ കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റിന് പരാതി നല്‍കിയിരുന്നു.

സ്ഥാനാര്‍ഥികള്‍ക്കു സ്വന്തം നിലയില്‍ പ്രചാരണത്തിന് പണം കണ്ടത്താന്‍ കഴിയാതെ വരുമ്പോള്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി സംഭാവന സ്വീകരിക്കുന്നതു സാധാരണമാണ്. ഫണ്ടില്ലാത്തതിനാല്‍ പ്രചാരണം മുന്നോട്ടുപോകില്ലെന്ന ഘട്ടത്തിലാണ് സ്ഥാനാര്‍ഥിയുടെ അനുമതിയോടുകൂടി ചില പ്രധാന വ്യക്തികളില്‍നിന്ന് സംഭാവന സ്വീകരിക്കാന്‍ തീരുമാനിച്ചതെന്ന് ഗിരീഷ് പറയുന്നു. ‘രശീത് നല്‍കിയാണ് പണം പിരിച്ചത്. 80,000 രൂപ മാത്രമാണ് ഇത്തരത്തില്‍ ലഭിച്ചത്. ഇത് തിരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്യുന്ന കെപിസിസി നിര്‍വാഹക സമിതി അംഗത്തെയും ഡിസിസി ഭാരവാഹിയെയും ഏല്‍പ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും ഈ നേതാക്കളാണ് കൈകാര്യം ചെയ്തത്. സാമ്പത്തിക കാര്യങ്ങള്‍ ഒന്നും തിരഞ്ഞെടുപ്പ് കമ്മിറ്റിയെ അറിയിക്കാറില്ല.

സ്ഥാനാര്‍ഥി എന്ന നിലയില്‍ ധര്‍മജന്‍ വന്‍ പരാജയമായിരുന്നു. മുന്‍പ് മത്സരിച്ച ഒരു യുഡിഎഫ് സ്ഥാനാര്‍ഥിയും ഇത്രയും വലിയ പരാജയം ഏറ്റുവാങ്ങിയിട്ടില്ല. രാവിലെ ആറിന് കോളനി സന്ദര്‍ശിക്കാന്‍ കമ്മിറ്റി തീരുമാനിച്ചെങ്കിലും ഒരു ദിവസം പോലും ധര്‍മജന്‍ അതിനു തയാറായിട്ടില്ല. സന്ധ്യക്ക് ശേഷം സ്ഥാനാര്‍ഥി എവിടെയായിരുന്നു എന്ന് ഒരാള്‍ക്കു പോലും അറിയില്ല.

രാവിലെ പത്തിനു ശേഷമാണ് സ്ഥാനാര്‍ത്ഥി പ്രത്യക്ഷപ്പെടാറുള്ളത്. ഒന്നാം ഘട്ട സ്ഥാനാര്‍ത്ഥി പര്യടനം കമ്മറ്റിയുടെ അറിവിലോ, നിയന്ത്രണത്തിലോ അല്ല നടന്നിട്ടുള്ളത്. രണ്ടാംഘട്ട പര്യടനം വേണ്ട എന്ന് തീരുമാനിച്ചതും കമ്മിറ്റിയില്ല. പരമാവധി കുടുംബസംഗമങ്ങള്‍ സംഘടിപ്പിക്കാനാണു കമ്മിറ്റി തീരുമാനിച്ചത്. എംപി ഉള്‍പ്പെടെ ഈ കുടുംബസംഗമങ്ങളില്‍ എത്തി. പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയും പി.കെ. കുഞ്ഞാലിക്കുട്ടിയും ബാലുശ്ശേരിയിലെ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്.

വോട്ടെണ്ണല്‍ ദിവസം സ്ഥാനാര്‍ത്ഥി ബാലുശ്ശേരിയില്‍ വന്നതേയില്ല. തിരഞ്ഞെടുപ്പുമായ് ബന്ധപ്പെട്ട് ഉണ്ണികുളത്ത് സിപിഎം നടത്തിയ അക്രമങ്ങള്‍ ഒട്ടേറെ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റിരുന്നു. പലരെയും പൊലീസ് കള്ളക്കേസില്‍ പ്രതികളാക്കി. സ്ഥാനാര്‍ഥിയായിരുന്ന ധര്‍മജന്‍ ഇതുവരെ അവിടെ സന്ദര്‍ശനം നടത്താന്‍ തയാറായിട്ടില്ല. ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച യുഡിഎഫ് പ്രവര്‍ത്തകരോടു ധര്‍മജന്‍ നന്ദികേടാണ് കാണിക്കുന്നത്.

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് രണ്ടു മാസം മുന്‍പു തന്നെ ധര്‍മജനെ സ്ഥാനാര്‍ഥിവേഷം കെട്ടി ബാലുശ്ശേരിയില്‍ അവതരിപ്പിച്ചത് രണ്ടു കോണ്‍ഗ്രസ് നേതാക്കളാണ്. ബാലുശ്ശേരിയില്‍ ജനങ്ങളുമായി ബന്ധമുള്ള ഒട്ടേറെ പേര്‍ സ്ഥാനാര്‍ഥികളാവാന്‍ യോഗ്യരായിട്ടും ധര്‍മജനെ സ്ഥാനാര്‍ഥിയാക്കിയതിനു പിന്നിലുള്ള താല്‍പര്യം ദുരൂഹമാണ്. ചില ആളുകളുടെ പ്രേരണയില്‍ യാഥാര്‍ഥ്യം മനസിലാക്കാതെയാണ് ധര്‍മജന്‍ പരാതി നല്‍കിയത്. കെപിസിസി ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ഗിരീഷ് മൊടക്കല്ലൂര്‍ ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button