FeaturedKeralaNews

നിയസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം,എം.എല്‍.എമാര്‍ സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം:പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്നു തുടക്കം. ഭരണത്തുടര്‍ച്ചയുടെ ചരിത്രമെഴുതി സര്‍ക്കാരിനെ പിണറായി വിജയന്‍ തുടര്‍ന്നും നയിക്കുന്നതും പ്രതിപക്ഷ നേതൃസ്ഥാനത്തു പുതുനായകനായി വി.ഡി.സതീശന്‍ എത്തുന്നതും ഈ സഭയുടെ സവിശേഷത. കഴിഞ്ഞ സഭയില്‍ ആദ്യമായി ഏക അംഗത്തെ ലഭിച്ച ബിജെപിക്ക് ഇത്തവണ വീണ്ടും പ്രാതിനിധ്യമില്ലാതായി.

മിന്നും ജയത്തിന്റെ ആത്മവിശ്വാസത്തിലും വീര്യത്തിലുമാകും ഭരണപക്ഷം. മുന്‍ സഭയെക്കാള്‍ എണ്ണം കൊണ്ടു ദുര്‍ബലമാണു പ്രതിപക്ഷം.തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ പ്രോടെം സ്പീക്കര്‍ പി.ടി.എ. റഹീം മുന്‍പാകെ ഇന്നു സത്യപ്രതിജ്ഞ ചെയ്യും. 9 മണിക്കാണു ചടങ്ങ് തുടങ്ങുക. 140 അംഗങ്ങളില്‍ 53 പേര്‍ പുതുമുഖങ്ങളാണ്. 21 മന്ത്രിമാരില്‍ 17 പേരാണ് ആദ്യവട്ടം സഭയിലെത്തുന്നത്.

പാര്‍ട്ടികളുടെ പ്രാതിനിധ്യത്തില്‍ രാജ്യത്തെ ഏറ്റവും വൈവിധ്യമുള്ള നിയമസഭയാണ് കേരളത്തിലേത്. ഇരുപക്ഷത്തുമായി ആകെ 18 പാര്‍ട്ടികള്‍. മഹാരാഷ്ട്ര (14 പാര്‍ട്ടികള്‍), ബിഹാര്‍ (10), തമിഴ്‌നാട്, അസം, മേഘാലയ (8 വീതം), ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ് (7 വീതം) എന്നിവയാണ് തുടര്‍ന്നുള്ള 4 സ്ഥാനങ്ങളില്‍.

സിപിഎമ്മിലെ എം.ബി.രാജേഷ് പുതിയ സ്പീക്കറാകും. നാളെയാണു സ്പീക്കര്‍ തിരഞ്ഞെടുപ്പ്. 10 വര്‍ഷം ലോക്‌സഭാംഗമായിരുന്നെങ്കിലും നിയമസഭയില്‍ ആദ്യമായെത്തുകയാണ് രാജേഷ്. യുഡിഎഫ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ലെങ്കില്‍ രാജേഷ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും.

നിയമസഭയിലെത്തുമ്പോള്‍ തന്നെ ഒരാള്‍ സ്പീക്കറാകുന്നത് ആദ്യമാണ്. സഭയിലെ ആദ്യ അവസരത്തില്‍ സ്പീക്കറായ മറ്റു രണ്ടുപേര്‍ കൂടിയുണ്ട് – ടി.എസ്.ജോണും എ.സി.ജോസും. ഇരുവരും എംഎല്‍എ എന്ന നിലയിലെ ആദ്യ ടേമിന്റെ അവസാന കാലത്താണ് സ്പീക്കറായത്.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സഭാ സമ്മേളനം. അകലം പാലിച്ചാണ് ഇരിപ്പിടങ്ങള്‍. സഭാതലം ഉള്‍പ്പെടെ അണുമുക്തമാക്കി. കോവിഡ് പരിശോധനയ്ക്കു ശേഷമാകും അംഗങ്ങളെ പ്രവേശിപ്പിക്കുക. രാവിലെ 7ന് ആന്റിജന്‍ പരിശോധന ആരംഭിക്കും. രണ്ട് ഡോസ് വാക്‌സീന്‍ എടുത്തവര്‍ക്ക് പരിശോധന വേണ്ട.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker