25.3 C
Kottayam
Sunday, June 2, 2024

ഇടുക്കിയിൽ യുഡിഎഫ് ഹർത്താൽ തുടങ്ങി, തട്ടിപ്പെന്ന് ഇടതു മുന്നണി

Must read

ഇടുക്കി:ഭൂപ്രശ്നങ്ങളുയർത്തി ഇടുക്കിയിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് ഹർത്താൽ. ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യാമെന്ന സർവകക്ഷി യോഗത്തിലെ ഉറപ്പ് സർക്കാർ പാലിച്ചില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം.

ഹർത്താൽ ആണെങ്കിലും നിർബന്ധിച്ച് കടകൾ അടപ്പിക്കുകയോ, വാഹനങ്ങൾ തടയുകയോ ചെയ്യില്ലെന്നാണ് സമരക്കാർ വ്യക്തമാക്കിയിട്ടുണ്ട്. നിയോജകമണ്ഡലങ്ങളിൽ യുഡിഎഫ് പ്രതിഷേധ ജാഥകളും സംഘടിപ്പിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തട്ടിപ്പ് മാത്രമാണ് ഹർത്താലെന്നാണ് എൽഡിഎഫിന്റെ വിമർശനം.

കയ്യേറ്റവും അനധികൃത നിർമ്മാണങ്ങളും തടയാനെന്ന പേരിലാണ് 2019 ഓഗസ്റ്റിൽ നിർമ്മാണ നിയന്ത്രണ ഉത്തരവ് റവന്യൂ വകുപ്പ് പുറപ്പെടുവിച്ചത്. 1964ൽ പട്ടയമനുവദിച്ച ഭൂമിയിൽ കൃഷിക്കും 1500 ചതുരശ്ര അടിയിൽ താഴെയുള്ള വീടുവയ്ക്കാനും മാത്രമേ അനുവാദമുള്ളൂവെന്നാണ് ഉത്തരവ്. പ്രതിഷേധം ശക്തമായതോടെ ഡിസംബറിൽ തിരുവനന്തപുരത്ത് ചേർന്ന സർവ്വകക്ഷിയോഗത്തിൽ 1964ലെ ഭൂപതിവ് ചട്ടം ഭേഗദതി ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.

ഇതിനിടെ ഇടുക്കിയിൽ മാത്രമായി ഉത്തരവ് നടപ്പാക്കാനാവില്ലെന്നും കേരളത്തിന് മൊത്തത്തിൽ ബാധകമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമായെന്നാണ് യുഡിഎഫ് വിമർശനം. അതേസമയം ഭേദഗതി ഉണ്ടാവുമെന്ന് സർക്കാർ ഉറപ്പ് നൽകിയതാണെന്നും യുഡിഎഫ് ലക്ഷ്യം വേറെയെന്നുമാണ് എൽഡിഎഫ് വിമർശനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week