തൊടുപുഴ: ഇടുക്കി ജില്ലയിൽ ഈ മാസം 28ന് യുഡിഎഫ് ഹർത്താൽ. ജില്ലയിലെ ഭൂപ്രശ്നങ്ങൾ അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർത്താൽ.ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുക, നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം പിൻവലിക്കുക, ബഫർസോൺ പരിധി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഈ മാസം 28ന് ഹർത്താൽ പ്രഖ്യാപിച്ചത്.
സംരക്ഷിത വനത്തിന് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോലമേഖലക്കിയ സുപ്രീം കോടതി ഉത്തരവിനെതിരേയും ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടും ജില്ലയിൽ പ്രതിഷേധം ശക്തമാണ്.
വ്യവസായ മന്ത്രി പി രാജീവ് ജില്ലയിലെത്തുന്ന ദിവസമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബഫര്‍ സോണ്‍ വിഷയം, ഭൂ പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് ഹര്‍ത്താല്‍. പട്ടയങ്ങളുടെ ചട്ടലംഘനം ചൂണ്ടിക്കാട്ടി കര്‍ശന നടപടിയുമായി റവന്യൂ വകുപ്പ് അടക്കം മുമ്പോട്ട് പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ഇതിന് പരിഹാരം കാണാതെ ഇടുക്കിയിലെ പുതിയ സംരംഭകത്വത്തെ കുറിച്ച് പഠിക്കുന്നതിനായാണ് മന്ത്രി പി രാജീവ് ഇരുപത്തിയെട്ടിന് ഇടുക്കിയിലെത്തുന്നത്. കെട്ടിട നിര്‍മ്മാണ നിരോധനവും ബഫര്‍സോണ്‍ പ്രശ്‌നങ്ങളും നിമിത്തം ജില്ലയില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി പുതുതായി ഒരു പെട്ടിക്കട പോലും ആരംഭിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഇതില്‍ പ്രതിഷേധിച്ചും വിഷയങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി പറഞ്ഞു.
ജില്ലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ മന്ത്രി ജില്ലയിലെത്തുന്നതിനെതിരെ പ്രതിഷേധം അറിയിച്ച് അതിജീവന പോരാട്ടവേദി അടക്കം മുമ്പ് രംഗത്തെത്തിയിരുന്നു. അന്നേ ദിവസം പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഇവര്‍ വ്യക്തമാക്കിയയിരുന്നു. നിലവില്‍ ഹര്‍ത്താല്‍ നടത്തുന്നതിനൊപ്പം ശക്തമായ ബഹുജന പ്രതിഷേധ പരിപാടികളും സര്‍ക്കാരിനെതിരെ ഇടുക്കിയില് ഉയര്‍ത്തിക്കൊണ്ട് വരാനാണ് യുഡിഎഫിന്റെ തീരുമാനം. എന്നാല്‍ ഭൂ വിഷയങ്ങള്‍ പരിഹരിക്കുന്നതിന് നിയമ നിര്‍മ്മാണം നടത്തുമെന്നും ബഫര്‍ സോണ്‍ വിഷയത്തില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തിവരികയാണെന്നുമാണ് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നത്.