പിറവം: കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ യു.ഡി.എഫിന്റെ വിജയം ആഘോഷിച്ച് പിടിയും പോത്തിറച്ചിയും വിളമ്പിയ നഗരസഭാ കൗണ്‍സിലര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്. പിറവം നഗരസഭയിലെ കേരള കോണ്‍ഗ്രസ് (എം) കൗണ്‍സിലര്‍ ജില്‍സ് പെരിയപ്പുറത്തിനാണ് കമ്മിഷന്റെ നോട്ടീസ് ലഭിച്ചത്. കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ടോമി ജോസഫ് കമ്മിഷനില്‍ സമര്‍പ്പിച്ച പരാതിയിലാണ് ഈ മാസം 30-ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ജില്‍സ് പെരിയപ്പുറത്തിന് നോട്ടീസ് ലഭിച്ചത്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പിറവം നഗരസഭ 21-ാം ഡിവിഷനില്‍ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിയായി മത്സരിച്ചു ജയിച്ച് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷനായ ജില്‍സ് 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുതല്‍ പാര്‍ട്ടിക്ക് എതിരായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്നാണ് പരാതി.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ്-എമ്മിലെ അഡ്വ. തോമസ് ചാഴികാടനു പകരം യു.ഡി.എഫ്. സ്ഥാനാര്‍ഥി അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജിനെ പിന്തുണച്ചുവെന്നും അത് കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥി അഡ്വ. തോമസ് ചാഴികാടനെ ബാധിച്ചുവെന്നും പരാതിയിലുണ്ട്.
തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം യു.ഡി.എഫ്. നേതൃത്വത്തിനൊപ്പം ചേര്‍ന്ന് യു.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ വിജയം ആഘോഷിച്ച് പിറവം ടൗണില്‍ പിടിയും പോത്തിറച്ചിയും വിതരണം ചെയ്തു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയുടെയും ഇടതു മുന്നണിയുടെയും നയമല്ലെന്നും പരാതിയില്‍ പറയുന്നു. എതിര്‍കക്ഷി സ്വയം പാര്‍ട്ടിയില്‍നിന്ന് പിന്മാറിയെന്നാണ് ഇതെല്ലാം കാണിക്കുന്നതെന്നും ടോമി ജോസഫ് പരാതിപ്പെട്ടു. ഈ സാഹചര്യത്തില്‍ എതിര്‍കക്ഷി കൂറുമാറിയതായി കണക്കാക്കി, അയോഗ്യനായി പ്രഖ്യാപിക്കണമെന്നും തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് അയോഗ്യത കല്പിക്കണമെന്നുമാണ് ടോമി ജോസഫ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം പിറവം നഗരസഭയില്‍ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിയായി മത്സരിച്ചു ജയിച്ച താന്‍ അടുത്തിടെ നടന്ന നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിലടക്കം പാര്‍ട്ടി വിപ്പ് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ ശരിയല്ലെന്നും ജില്‍സ് പെരിയപ്പുറം പറഞ്ഞു.