അർജുനുൾപ്പെടെ 3 പേരെ കണ്ടെത്താനുണ്ട്; റഡാർ സംവിധാനം ഉപയോഗിച്ച് തിരച്ചിൽ തുടരും: കളക്ടർ

ബെംഗളൂരു: ഉത്തരകന്നഡയിലെ അങ്കോലയ്ക്കടുത്ത് ഷിരൂരില്‍ കുന്നിടിഞ്ഞുവീണ് അപകടത്തില്‍പ്പെട്ട കോഴിക്കോട് സ്വദേശി അര്‍ജുനുള്‍പ്പെടെ മൂന്നുപേരെ മണ്ണിനടിയില്‍നിന്ന് കണ്ടെത്താനുണ്ടെന്ന് ഉത്തരകന്നഡാ ജില്ലാ കളക്ടര്‍ ലക്ഷ്മിപ്രിയ. പത്ത് പേരെ കാണാതായിട്ടുണ്ടെന്നും ഏഴ് പേരുടെ മൃതദേഹം കണ്ടെത്തിയെന്നും അവര്‍ പറഞ്ഞു. എന്‍.ഐ.ടി കര്‍ണാടകയിലെ പ്രൊഫസറുടെ നേതൃത്വത്തിലുള്ള സംഘം ഗ്രൗണ്ട് പെനട്രേറ്റിങ് റഡാറുമായി എത്തുന്നുണ്ടന്നെും വാഹനം കണ്ടെത്താനുള്ള നടപടികള്‍ തുടരുമെന്നും കളക്ടര്‍ പറഞ്ഞു. അതേസമയം അര്‍ജുനെ കണ്ടെത്തുന്നതുവരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് എസ്.പി നാരായണ്‍ പറഞ്ഞു.

‘രക്ഷാപ്രവര്‍ത്തനം ആറുമണിക്ക് തന്നെ ആരംഭിച്ചു. എന്‍.ഡി.ആര്‍.എഫ് സംഘം, നാവികസേന, അഗ്നിരക്ഷാസേന, പോലീസ് എന്നിങ്ങനെ എല്ലാവരും സ്ഥലത്തുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ടെക്‌നിക്കല്‍ സഹായത്തിനായി ഒരാള്‍ കൂടി എത്തുന്നുണ്ട്. എന്‍.ഐ.ടി കര്‍ണാടകയിലെ പ്രൊഫസറാണ് എത്തുന്നത്. ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍ എന്ന ഡിവൈസുമായാണ് അദ്ദേഹം വരുന്നത്. ഇതുപയോഗിച്ച് ട്രക്ക് മണ്ണിനടിയിലുണ്ടോ ഇല്ലയോ എന്ന് കണ്ടുപിടിക്കാന്‍ സാധിക്കും. അരമണിക്കൂറിനുള്ളില്‍ അവരെത്തും. വാഹനം എവിടെയാണെന്ന് കണ്ടെത്താനുള്ള നടപടികള്‍ തുടങ്ങും’. – കളക്ടര്‍ പറഞ്ഞു.

പത്ത് പേരെ കാണാതായിട്ടുണ്ടെന്നും ഏഴ് പേരുടെ മൃതദേഹം കണ്ടെത്തിയെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. മൂന്ന് പേരെ കണ്ടെത്താനുണ്ട്. ടെക്‌നിക്കല്‍ സംഘം എത്തിയാലുടന്‍ തുടര്‍ നടപടിക്രമങ്ങള്‍ ആരംഭിക്കും. നിലവില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. എഴുപതോളം പേര്‍ സ്ഥലത്തുണ്ട്.

അര്‍ജുനെ കൂടാതെ മറ്റു രണ്ടുപേരെ കൂടി കണ്ടെത്താനുണ്ട്. കാണാതായവരില്‍ ഒരു സ്ത്രീയുമുണ്ട്. മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. 400 മീറ്റര്‍ ഉയരത്തിലുള്ള ചെളി നീക്കം ചെയ്തിട്ടുണ്ട്. ജി.പി.എസ് ലൊക്കേഷന്‍ കാണിക്കുന്ന സ്ഥലത്തെ മധ്യഭാഗത്താണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നതെന്ന് എസ്.പി നാരായണ്‍ പ്രതികരിച്ചു. അര്‍ജുനെ കണ്ടെത്തുന്നതുവരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News